മെയ് 1 ന്‍റെ തൊഴിലാളിദിനം യുദ്ധവിരുദ്ധ ദിനമായി ഐ.എന്‍.റ്റി.യു.സി ആചരിക്കും - INTUC

മെയ് 1 ന്‍റെ തൊഴിലാളിദിനം യുദ്ധവിരുദ്ധ ദിനമായി ഐ.എന്‍.റ്റി.യു.സി ആചരിക്കും

2026 ലെ മെയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാന്‍ ഏപ്രില്‍ 16 ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഐ.എന്‍.റ്റി.യു.സി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
 
 
നാല് വര്‍ഷമായി തുടരുന്ന റഷ്യ – ഉക്രയിന്‍ യുദ്ധവും, രണ്ടരവര്‍ഷമായി തുടരുന്ന ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധവും, 2 വര്‍ഷമായി തുടരുന്ന പാക്കിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷങ്ങളും, രണ്ട് മാസമായി തുടരുന്ന ഇറാന്‍ – ഇസ്രായേല്‍ – അമേരിക്ക – ലബനന്‍ യുദ്ധവും, സുഡാന്‍ – മ്യാന്‍മാര്‍ – എത്യോപ്യ – ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ വലിയ ആഭ്യന്തര സംഘര്‍ഷങ്ങളും, ലോക മനുഷ്യ സമൂഹത്തിന്‍റെ സമാധാന ജീവിതം തകര്‍ത്തിരിക്കുന്നു.
 
ഇതിന്‍റെ പേരില്‍ വിലക്കയറ്റം, പട്ടണിമരണം, തൊഴില്‍നഷ്ടം, രോഗങ്ങള്‍ എന്നിവകൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് തൊഴിലാളികളാണ്. ഈ യുദ്ധത്തിന്‍റെ കെടുതികള്‍ രാജ്യത്തും, സംസ്ഥാനത്തും വ്യാപകമാണ്. ഇന്ധനക്ഷാമവും, വിലക്കയറ്റവും, തൊഴില്‍ നഷ്ടവും, സ്ഥാപന അടച്ചുപൂട്ടലും സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നു.
 
എല്ലാ യുദ്ധങ്ങളും, സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ ഭരണകൂടങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന “Stop the War” എന്ന മുദ്രാവാക്യം മുഴക്കി മെയ്ദിനത്തില്‍ എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളിലും പ്രകടനങ്ങളും, യോഗങ്ങളും നടത്താന്‍ ഐ.എന്‍.റ്റി.യു.സി തീരുമാനിച്ചിരിക്കുന്നു.
 
നിലവിലെ മുതലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യ വര്‍ഗ്ഗീയ ഭരണത്തിന്‍ കീഴില്‍ പുതിയ ലേബര്‍ കോഡുകള്‍ നടപ്പാക്കിയും, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം “VB G RAM G” എന്ന പുതിയ പദ്ധതി കൊണ്ടുവന്നും, സാമൂഹ്യസുരക്ഷാ പദ്ധതികളായ പ്രൊവിഡന്‍റ് ഫണ്ടും, ഇ.എസ്സ്.ഐ.യും ക്ഷേമനിധികളും ഇല്ലാതാക്കി ശ്രമം ശക്തി നിധി നടപ്പാക്കാന്‍ ശ്രമിച്ചും തൊഴിലാളികള്‍ക്കെതിരെ നടപ്പാക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
 
ഐ.എന്‍.റ്റി.യു.സി 79 -ാംസ്ഥാപകദിനമായ മെയ് 3 ന് ജില്ലാ തലത്തില്‍ വിവിധ പരിപാടികളോടെ സമുചിതമായി ആചരിക്കാനും, 2026 ല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന ജില്ലാ സംഘടനാ തിരഞ്ഞെടുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.
 
സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ വി.ജെ. ജോസഫ്, പി.ജെ. ജോയി, എസ്സ്. പ്രദീപ്കുമാര്‍, വി.വി. ശശീന്ദ്രന്‍, കൃഷ്ണവേണി ജി. ശര്‍മ്മ, ട്രഷറര്‍ പി.ഡി. ശ്രീനിവാസന്‍, ജില്ലാ പ്രസിഡന്‍റ്മാരായ വി.ആര്‍. പ്രതാപന്‍, എ.കെ. ഹഫീസ്, മലയാലപ്പുഴ ജ്യോതിഷ്കുമാര്‍, ഫിലിപ്പ് ജോസഫ്, രാജാമാട്ടുക്കാരന്‍, കെ.കെ. ഇബ്രാഹിംകുട്ടി, വി.പി. ഫിറോസ്, പി.പി. ആലി, പി.ജി. ദേവ് എന്നിവരും അഡ്വ. എം. രാജന്‍, അനിയന്‍ മാത്യു, ഡോ. മീര ആര്‍. നായര്‍, ജെ സതികുമാരി, ബാബുജോര്‍ജ്ജ്, എ.കെ. സനില്‍, പി. പ്രവീണ്‍കുമാര്‍, പി. ബിജു, ചെന്താമരാക്ഷന്‍, അശോക് മാത്യു, ബാബു അമ്മവീട്, വി. അബ്ദുള്ളകുട്ടി, ആമ്പക്കാട് സുരേഷ്, ആന്‍റണി ആല്‍ബര്‍ട്ട്, കെ.വി.പവിത്രന്‍, പി. ജനാര്‍ദ്ദനന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Recommended For You

About the Author: INTUC State Committee