കോറോ ഹെൽത്ത് മാനേജ്മെന്റിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം - ആർ. ചന്ദ്രശേഖരൻ - INTUC

കോറോ ഹെൽത്ത് മാനേജ്മെന്റിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം – ആർ. ചന്ദ്രശേഖരൻ

 രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ച കോറോ ഹെല്‍ത്ത് എന്ന അമേരിക്കന്‍ കമ്പനി മാനേജ്മെന്‍റിനെ അറസ്റ്റ് ചെയ്ത് തുറങ്കലില്‍ അടയ്ക്കണമെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയ്ക്കും തൊഴില്‍ വകുപ്പ് മന്ത്രിയ്ക്കും നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടു.
 
 ജൂലൈ 3 ന് രാവിലെ ജോലിയ്ക്ക് കയറിയ 800 ഓളം വരുന്ന കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകളിലെ തൊഴിലാളികളെയാണ് യാതൊരു കാരണവും കൂടാതെ നിമിഷ നേരം കൊണ്ട് പിരിച്ച് വിട്ട് കമ്പനി അടച്ച് പൂട്ടിയത്.
 
 
മാനേജ്മെന്‍റിന്‍റെ ഈ നടപടി 1947 ലെ തൊഴില്‍ തര്‍ക്കനിയമം സെക്ഷന്‍ 25 FFA യുടെയും, 25 N ന്‍റെയും ലംഘനവും, 2020 ലെ പുതിയ വ്യവസായബന്ധ കോഡിലെ സെക്ഷന്‍ 79 ന്‍റെയും, 80 ന്‍റെയും ലംഘനമാണ്.
 
 ഈ നിയമവ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാരിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചു വിടാനും, സ്ഥാപനം അടച്ചു പൂട്ടാനും മാനേജ്മെന്‍റിന് അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 അമേരിക്കയിലെ ആശുപത്രികള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ആവശ്യമായ രോഗികളുടെ ചികിത്സാ വിവരങ്ങള്‍ കോഡ് ചെയ്ത് നല്‍കുന്നതിനായി 2020 ല്‍ മാത്രം അമേരിക്കയിലെ ടെക്സാസില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണിത്. 2021 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ 17000 തൊഴിലാളികളുള്ള ഈ സ്ഥാപനത്തില്‍ കൊച്ചി, കോഴിക്കോട്, മദ്രാസ്, ഹൈദ്രബാദ്, നോയിഡ എന്നീ കേന്ദ്രങ്ങളിലായി 12000 തൊഴിലാളികള്‍ ജോലി ചെയ്യുന്നു.
 
അമേരിക്കയിലെ സ്വകാര്യ ഓഹരി നിക്ഷേപ ഗ്രൂപ്പകള്‍ ചേര്‍ന്നതാണ് ഈ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് എങ്കിലും “ദി കാര്‍ലൈല്‍ ഗ്രൂപ്പ്” എന്ന വമ്പന്‍ നിക്ഷേപ കോര്‍പ്പറേറ്റ് സ്ഥാപനമാണ് കോറോ ഹെല്‍ത്തിനെ നിയന്ത്രിക്കുന്നതെന്നും ചന്ദ്രശേഖരന്‍ ഓര്‍മ്മിപ്പിച്ചു.
 
 ഈ സ്ഥാപനമാണെങ്കില്‍ പെന്‍ഷന്‍ ഫണ്ട് അഴിമതി കേസ്സില്‍ അമേരിക്കയില്‍ തന്നെ ശിക്ഷ വാങ്ങിയിട്ടുള്ളവരാണ്. ഓഹരി തട്ടിപ്പ് കേസ്സില്‍ നിരവധി ആരോപണങ്ങളും കേസ്സുകളും ഈ കമ്പനിയ്ക്കെതിരെയുണ്ട്.
 
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ തൊഴിലാളികളെ ചൂഷണം ചെയ്തും, ലാഭം പെരുപ്പിച്ചും, ഓഹരി വിലകള്‍ ക്രമതീതമായി ഉയര്‍ത്തിയും കമ്പനികളെ മറിച്ച് വിറ്റ് ലാഭമുണ്ടാക്കുന്ന ഒരു വമ്പന്‍ തട്ടിപ്പ് കമ്പനിയാണിതെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
 
ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന താരീഫ് നിയമം സെക്ഷന്‍ 1307 ന്‍റെ ലംഘനവും കൂടിയാണ്.
 
ഇത്തരത്തിലൊരു പിരിച്ചുവിടലും അടച്ചുപൂട്ടലും അമേരിക്കയിലാണ് നടത്തുന്നതെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും. അതിന്‍റെ തെളിവാണ് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന “ദേവയാനി ഖോബ്രഗഡെ” എന്ന IFS ഓഫീസര്‍, സംഗീത എന്ന തന്‍റെ വീട്ടുജോലിക്കാരിക്ക് അമേരിക്കന്‍ മിനിമം വേതനം നല്‍കിയില്ല എന്നതിന്‍റെ പേരില്‍ 2013 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്  ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടതാണ്.
 
അതിനാല്‍ നിലവിലെ കോറോ ഹെല്‍ത്ത് എന്ന സ്ഥാപന മാനേജ്മെന്‍റിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുവാനും കേന്ദ്ര – സംസ്ഥാന നിയമങ്ങള്‍ക്കും അമേരിക്കന്‍ താരീഫ് നിയമത്തിനും അനുസൃതമായി ഈ വിഷയത്തിന് പരിഹാരമുണ്ടാക്കുവാനും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ചന്ദ്രശേഖരന്‍ കത്തിലൂടെ ആവശ്യപ്പെട്ടു. 
 
 
 

Recommended For You

About the Author: INTUC State Committee