മാര്‍ച്ച് 28, 29 തീയതികളിലായി നടക്കുന്ന ദേശീയ പണിമുടക്ക് എല്ലാ രീതിയിലും വിജയിപ്പിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ എല്ലാ വിഭാഗം തൊഴിലാളികളോടും പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

64 കോടി വരുന്ന രാജ്യത്തെ സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികളാണ് ഓരോ വര്‍ഷവും 147 ലക്ഷം കോടിയുടെ ആഭ്യന്തര ഉല്പാദനം സംഭാവന ചെയ്യുന്നത്. എന്നാല്‍ ഈ തൊഴിലാളികളുടെ ജീവിതം തകര്‍ക്കുന്ന നടപടികളാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധനവില കുതിച്ചുയരുകയാണ്. നിത്യേപയോഗ സാധനങ്ങളുടെ വിലക്കയറ്റം അസഹനീയമാണ്. തൊഴില്‍ നിയമങ്ങളെല്ലാം ഇല്ലാതാക്കുന്നു. സ്ഥിരം ജോലി അവസാനിപ്പിച്ചിരിക്കുന്നു. മിനിമം വേതനത്തിന് പകരം തറവേതനം നടപ്പിലാക്കുന്നു. ESI, PF, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. തൊഴിലുറപ്പ് തൊഴിലാളികളുടെ പദ്ധതി വിഹിതം 25000 കോടി വെട്ടിക്കുറച്ചിരിക്കുന്നു. ശ്രീ. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

സഹസ്രകോടികളുടെ ആസ്തിയുള്ള രാജ്യത്തിന്റെ മാതൃകാസ്ഥാപനങ്ങളായ 10 മഹാരത്‌ന കമ്പനികളും, 14 നവരത്‌ന കമ്പനികളും, 79 മിനിരത്‌ന കമ്പനികളും ഉള്‍പ്പെടെ 292 ഓളം പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊട്ടവിലയ്ക്ക് സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുവാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 12 ലക്ഷം ഏജന്റുമാരും, 25 കോടി പോളിസി ഉടമകളും ഉള്ള നഷ്ടം എന്തെന്നറിഞ്ഞിട്ടില്ലാത്ത 65 വര്‍ഷത്തെ പാരമ്പര്യമുള്ള LIC യും വില്‍ക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഈ തൊഴിലാളി ജനവിരുദ്ധ നടപടികള്‍ക്കെതിരെയാണ് മാര്‍ച്ച് 28, 29 തീയതികളിലെ പണിമുടക്ക്. രാജ്യത്തെ 10 ദേശീയ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ഈ പണിമുടക്ക് ഒരു ജനകീയ ജീവിത പ്രക്ഷോഭമായി സമസ്തമേഖലകളിലെയും ജനങ്ങള്‍ ഏറ്റെടുക്കണമെന്നും ചന്ദ്രശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

