ലിംഗസമത്വത്തിനായി പോരാടും ഐ.എന്‍.റ്റി.യു.സി. വനിതാ വിഭാഗം - INTUC

ലിംഗസമത്വത്തിനായി പോരാടും ഐ.എന്‍.റ്റി.യു.സി. വനിതാ വിഭാഗം

2030 ല്‍ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്ന ലിംഗസമത്വത്തിനായി പോരാടുമെന്ന് ഐ.എന്‍.റ്റി.യു.സി. വനിതാ വിഭാഗം മാര്‍ച്ച് 8 ന്റെ വനിതാദിനത്തില്‍ പ്രതിജ്ഞയെടുത്തു.

1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കിലെ സ്ത്രീതൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ സമരത്തിന്റെ ഓര്‍മ്മ ഉണര്‍ത്തി 165 സ്ത്രീതൊഴിലാളികള്‍ ദീപം തെളിയിച്ച് നടത്തിയ ‘സ്മരണജ്വാല’യോടൊപ്പം ആയിരുന്നു കൂട്ടപ്രതിജ്ഞ.

കൊല്ലം കരുനാഗപ്പള്ളിയില്‍ നടന്ന സ്മരണജ്വാല ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഉത്ഘാടനം ചെയ്തു. സ്ത്രീപീഢനം, ബാലപീഢനം, ക്രൂരമായ സ്ത്രീ കൊലപാതകങ്ങള്‍, സ്ത്രീധനവധം എന്നീ അധര്‍മ്മപ്രവര്‍ത്തികള്‍ അഴിഞ്ഞാടുന്ന ഇക്കാലത്ത് ഭരണകൂടങ്ങള്‍ നോക്കുകുത്തികളായി നില്‍ക്കുമ്പോള്‍ ഈ സാമൂഹ്യ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും, സമരമുഖം തുറക്കുവാനും സ്ത്രീതൊഴിലാളികള്‍ തയ്യാറാകണമെന്ന് ശ്രീ. ചന്ദ്രശേഖരന്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.


1857 മാര്‍ച്ച് 8 മുതല്‍ സ്ത്രീതൊഴിലാളികള്‍ ലോകമാകെ നടത്തിയ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് വോട്ടവകാശവും, ഒരുപരിധിവരെ നിയമതുല്യതയും, സാമൂഹ്യ അംഗീകാരവും സ്ത്രീകള്‍ക്ക് ലഭ്യമായെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍തലമുറയുടെ ആവേശം ഉള്‍ക്കൊണ്ട് തുല്ല്യനീതിക്കായി ശക്തമായ പോരാട്ടം ഇനിയും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നൂറുകണക്കിന് സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്ത വനിതാദിന ആഘോഷചടങ്ങില്‍ ഐ.എന്‍.റ്റി.യു.സി. വുമണ്‍ വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി കൃഷ്ണവേണി ജി. ശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ബിന്ദുജയന്‍, ശാന്തകുമാരി, ജയശ്രീ രമണന്‍, ആര്‍. രാജശേഖരന്‍, ചിറ്റുമൂല നാസര്‍, ഷിബു എസ്സ്. തൊടിയൂര്‍, ഒ.ബി. രാജേഷ്, രമാ ഗോപാലകൃഷ്ണന്‍, രമാദേവി, സുജാത, സരസ്വതി അമ്മ എന്നിവര്‍ നേതൃത്വം നല്‍കി സംസാരിച്ചു.

Recommended For You

About the Author: INTUC State Committee