മാര്‍ച്ച് 8 - അന്തര്‍ദേശീയ വനിതാദിനം - സ്ത്രീ തൊഴിലാളി പോരാട്ടദിനം - INTUC

മാര്‍ച്ച് 8 – അന്തര്‍ദേശീയ വനിതാദിനം – സ്ത്രീ തൊഴിലാളി പോരാട്ടദിനം

കേവലം ഒരു ദിനാചരണം മാത്രമല്ല, മറിച്ച് സ്ത്രീ തൊഴിലാളികളുടെ ജീവിതവേദനയുടെയും, പോരാട്ടത്തിന്റെയും ഓര്‍മ്മദിനം കൂടിയാണ് മാര്‍ച്ച് 8 എന്ന ദിവസമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും, മുന്‍ ILO ഗവേണിംഗ് ബോഡി അംഗവും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ തന്റെ വനിതാദിന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

1975 മുതല്‍ ഐക്യരാഷ്ട്രസഭ മാര്‍ച്ച് 8 ലോകവനിതാദിനമായി ആചരിക്കുകയും, 1977 ല്‍ ഔദ്യോദികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം, തുല്ല്യവോട്ടവകാശം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ നേടിയ സമരവിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്ക് സിറ്റിയിലെ വസ്ത്രനിര്‍മ്മാണ സ്ത്രീതൊഴിലാളികള്‍ സ്വയം സംഘടിതരായി പ്രക്ഷോഭത്തിനിറങ്ങി. കൂലി കൂടുതലിനും, 10 മണിക്കൂര്‍ ജോലി സമയത്തിനും, മുതലാളിമാരുടെ ചൂഷണത്തിനുമെതിരെ നടന്ന ഈ സമരത്തെ പോലീസും ഗുണ്ടകളും ചേര്‍ന്ന് അടിച്ചമര്‍ത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ശ്രീ. ചന്ദ്രശേഖരന്‍ പറഞ്ഞു.
ഈ ദിനത്തിന്റെ ആവേശസ്മരണ ഉയര്‍ത്തി 51 വര്‍ഷങ്ങള്‍ക്ക് ശേഷം 1908 മാര്‍ച്ച് 8 ന് ആദ്യസമരക്കാരുടെ പിന്‍തലമുറക്കാര്‍ നടത്തിയ പ്രക്ഷോഭം ബാലവേലയ്ക്കും, തൊഴിലാളി ചൂഷണത്തിനും, വോട്ടവകാശനിഷേധത്തിനും അന്ത്യം കുറിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക കാലത്ത് ഈ തൊഴിലാളി പോരാട്ടചരിത്രം തമസ്‌കരിച്ച് ചില പഞ്ചനക്ഷത്ര ക്ലബ്ബ് സംസ്‌ക്കാര വനിതാദിനാഘോഷങ്ങള്‍ കാണുമ്പോള്‍ മാര്‍ച്ച് 8 എന്ന ദിനം ഐക്യരാഷ്ട്രസഭ തിരഞ്ഞെടുക്കുവാന്‍ കാരണം 1857 ലും, 1908 ലും നടന്ന ശക്തമായ സ്ത്രീ തൊഴിലാളിപ്രക്ഷോഭങ്ങളാണെന്ന സത്യം തൊഴിലാളികളായ സ്ത്രീകളെങ്കിലും ഓര്‍മ്മിക്കണമെന്ന് ചന്ദ്രശേഖരന്‍ അഭ്യര്‍ത്ഥിച്ചു.
2030 ഓടുകൂടി ലിംഗതുല്യത ഭൂമിഗ്രഹത്തില്‍ പ്രാപ്തമാക്കുമെന്ന ഐക്യരാഷ്ട്രസഭാ പ്രഖ്യാപനത്തെ നമുക്ക് പിന്തുണയ്ക്കാം. അത് സാധിതമാക്കുമെന്ന് ഈ ദിനത്തില്‍ പ്രതിജ്ഞ ചെയ്യാം.

സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രത്യേകിച്ച് പണിയെടുത്ത് ജീവിക്കുന്ന സ്ത്രീതൊഴിലാളികള്‍ക്കും വനിതാദിന ആസംസകള്‍ നേരുന്നതായി ഐ.എന്‍.റ്റി.യു.സി. പ്രസിഡന്റ് ചന്ദ്രശേഖരന്‍ അറിയിച്ചു.

Recommended For You

About the Author: INTUC State Committee