ട്രേഡ് യൂണിയന് രജിസ്ട്രേഷന് ഫീസ് 1000 രൂപയില്‍ നിന്ന് 10000 രൂപയായി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും തൊഴിലാളിവിരുദ്ധവും പ്രതിഷേധാര്‍ഹമാണെന്നും, അടിയന്തിരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ കത്തിലൂടെ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.

ട്രേഡ് യൂണിയന് രൂപീകരണം ഭരണഘടനയിലെ മൗലീകാവകാശത്തില്‍ ഉള്‍പ്പെട്ടതാണെന്നും, 1926 ലെ ട്രേഡ് യൂണിയന് നിമയത്തില്‍ ഫീസ് ഈടാക്കാനുള്ള യാതൊരു വ്യവസ്ഥയും ഇല്ലെന്നും, മറ്റ് പല സംസ്ഥാനങ്ങളും നാമമാത്രമായ 5 രൂപ മാത്രമാണ് ഈടാക്കുന്നതെന്നും കത്തിലൂടെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ട്രേഡ് യൂണിയന് നിയമപ്രകാരം യൂണിയന് രൂപീകരിക്കാന്‍ 7 തൊഴിലാളികള്‍ മുതല്‍ 100 തൊഴിലാളികള്‍ വരെ മാത്രം ആവശ്യമായിരിക്കെ ഈ ഇനത്തില്‍ 10000 രൂപാ ഫീസ് ഈടാക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.
ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തൊഴിലാളികള്‍ നടത്തുന്ന പ്രകടനങ്ങള്‍ക്കും, ധര്‍ണ്ണകള്‍ക്കും, യോഗങ്ങള്‍ക്കും വരെ കേസ്സും, വന്‍പിഴയും ഈടാക്കുന്ന സര്‍ക്കാര്‍ ഈ രീതിയില്‍ ഫീസ് ഈടാക്കിക്കൊണ്ട് ട്രേഡ് യൂണിയന് രൂപീകരണ അവകാശം പോലും നിഷേധിക്കുകയാണെന്നും ചന്ദ്രശേഖരന് കുറ്റപ്പെടുത്തി.
തൊഴിലാളികളുടെ വിഷയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നത് കണക്കിലെടുത്ത് ഇന്‍കംടാക്സ് നിയമത്തില്‍ നിന്ന് പോലും ട്രേഡ് യൂണിയനെ ഒഴിവാക്കിയിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
