അങ്കണവാടി ജീവനക്കാരുടെ ഇന്‍സെന്‍റീവ് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണം - ആര്‍. ചന്ദ്രശേഖരന്‍ - INTUC

അങ്കണവാടി ജീവനക്കാരുടെ ഇന്‍സെന്‍റീവ് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണം – ആര്‍. ചന്ദ്രശേഖരന്‍

2025 ഒക്ടോബര്‍ 12, 13, 14 തീയതികളിലായി സംസ്ഥാനത്ത് നടത്തിയ പള്‍സ്-പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 100 രൂപാ പ്രതിദിന ഇന്‍സെന്‍റീവ് അങ്കണവാടി തൊഴിലാളികള്‍ക്ക് 75 രൂപയായി വെട്ടിക്കുറച്ച നടപടി പുനഃസ്ഥാപിച്ച് 100 രൂപാ വീതം അനുവദിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
 
 
ഈ വിഷയം സംബന്ധിച്ച് കേരള അങ്കണവാടി ആന്‍റ് ക്രെഷ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി) പ്രസിഡന്‍റ് കൃഷ്ണവേണി ജി. ശര്‍മ്മയും, ജനറല്‍ സെക്രട്ടറി മായാ പ്രദീപും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജിന് സമര്‍പ്പിച്ച കത്തിനെ പിന്തുണച്ചുകൊണ്ടാണ് ചന്ദ്രശേഖരന്‍ ഈ ആവശ്യം ഉന്നയിച്ചത്.
 
മൂന്നുദിവസം പൂര്‍ണ്ണമായും യാതൊരു വിശ്രമവും ഇല്ലാതെ ഈ പ്രവര്‍ത്തനം നടത്തിയ അങ്കണവാടി – ആശ പ്രവര്‍ത്തകര്‍ക്ക് പ്രതിദിനം 500 രൂപാ ഏറ്റവും കുറഞ്ഞ ഇന്‍സെന്‍റീവ് നല്‍കേണ്ടതാണ്.
 
എന്നാല്‍ അതിന് പകരം 100 മാത്രം അനുവദിക്കുകയും അതില്‍ നിന്ന് അങ്കണവാടി ജീവനക്കാര്‍ക്ക് മാത്രം 75 രൂപയായി നിശ്ചയിക്കുകയും ചെയ്തത് തീര്‍ത്തും വിവേചനപരവും, ആക്ഷേപാര്‍ഹവും, പ്രതിഷേധകരവും ആണെന്നും ശ്രീ. ചന്ദ്രശേഖരന്‍ മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
 
സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ തൊഴിലാളികള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Recommended For You

About the Author: INTUC State Committee