രാജ്യസഭയിലേക്ക് ഒഴിവ് വന്നിരിക്കുന്ന സീറ്റില്‍ ഐ.എന്‍.റ്റി.യു.സി. പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെ മത്സരിപ്പിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. 14 ജില്ലാ പ്രസിഡന്റുമാരും സംയുക്തമായി കെ.പി.സി.സി. പ്രസിഡന്റിന് നല്കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു.

1947 മുതല്‍ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ്മാരായിരുന്നിട്ടുള്ള കെ. കരുണാകരന്, ബി.കെ. നായര്‍, സി.എം. സ്റ്റീഫന്‍, വി.പി. മരയ്ക്കാര്‍, കെ. സുരേഷ് ബാബു എന്നിവര്‍ക്ക് പാര്‍ലമെന്റിലേക്കും, നിയമസഭയിലേക്കും മത്സരിക്കാന്‍ പലപ്രാവശ്യം അവസരം നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ നിലവില്‍ പ്രസിഡന്റായിരിക്കുന്ന ചന്ദ്രശേഖരനെ മാത്രം അവഗണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
നിലവിലെ മോഡി ഭരണം നിരവധി തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ചര്‍ച്ചകള്‍ പോലും ഇല്ലാതെ പാര്‍ലമെന്റില്‍ പാസ്സാക്കുമ്പോള്‍ അവിടെ തൊഴിലാളി ശബ്ദം ഉയരുവാന് ചന്ദ്രശേഖരന്റെ സാന്നിദ്ധ്യം അനിവാര്യമാണ്.

2011 മുതലുള്ള 5 പാര്‍ലമെന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഐ.എന്‍.റ്റി.യു.സി.ക്ക് മുന്‍കൂട്ടി സീറ്റ് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അവസാനം അവഗണിക്കുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. ഇത് ശ്രീ. ചന്ദ്രശേഖരനോടുള്ള അവഗണനയേക്കാള്‍ ഐ.എന്‍.റ്റി.യു.സി.യോടുള്ള അവഗണനയായി കാണുന്നതായി ജില്ലാ പ്രസിഡന്റ്മാര്‍ കത്തില്‍ കുറ്റപ്പെടുത്തി.
1946 ലെ ഭരണഘടനാസഭ മുതല്‍ 1984 വരെയുളള ലോക്സഭാ രാജ്യസഭാ പാര്‍ലമെന്റ് വേദികളില്‍ 50 മുതല്‍ 67 വരെ പ്രതിനിധികള്‍ ഐ.എന്‍.റ്റി.യു.സി.യുടെതായി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് നാമമാത്ര പ്രാതിനിധ്യം പോലും ഇല്ല. രാജ്യത്തെ ജനങ്ങളുടെ പരിശ്ചേദത്തിലും, വോട്ടര്‍മാരുടെ കണക്കിലും ബഹുഭൂരിപക്ഷവും പണിയെടുത്ത് ജീവിക്കുന്ന തൊഴിലാളികളാണെന്ന വസ്തുത പാര്‍ട്ടി കാണണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
2014 ലും, 2017 ലും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് (ഐ.എല്‍.ഒ) ഗവേണിംഗ് ബോഡിയിലേക്ക് 187 രാജ്യപ്രതിനിധികളില് 4/5 ഭൂരിപക്ഷംനേടി വിജയിച്ച ചന്ദ്രശേഖരന് അന്തര്‍ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന തൊഴിലാളി നേതാവാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ്മാരായ വി.ആര്. പ്രതാപന്, എ.കെ. ഹഫീസ്, മലയാലപ്പുഴ ജ്യോതിഷ്കുമാര്‍, ജി. ബൈജു, ഫിലിപ്പ് ജോസഫ്, കെ.വി. ജോര്‍ജ്ജ് കരിമറ്റം, കെ.കെ. ഇബ്രാഹിംകുട്ടി, സുന്ദരന്‍ കുന്നത്തുള്ളി, ചീങ്ങന്നൂര്‍ മനോജ്, വി.പി. ഫിറോസ്, കെ. രാജീവ്, പി.പി. ആലി, ജോസ് ജോര്‍ജ്ജ് പ്ലാത്തോട്ടം, പി.ജി. ദേവ് എന്നിവര്‍ ചേര്‍ന്നാണ് കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. കെ. സുധാകരന് കത്ത് നല്‍കിയത്.

