രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണം - തനിതെമ്മാടിത്തരം - INTUC

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണം – തനിതെമ്മാടിത്തരം

 

ജൂണ്‍ 24 ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ SFI ഗുണ്ടകള്‍ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ MP ഓഫീസില്‍ അതിക്രമിച്ച് കടന്ന് ഓഫീസ് അടിച്ച് തകര്‍ക്കുകയും, ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ട് ചവിട്ടുകയും, രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴവെയ്ക്കുകയും, ഓഫീസ് ജീവനക്കാരനെ ഗുരുതരമായി മര്‍ദ്ദിക്കുകയും ചെയ്ത നടപടി തനിതെമ്മാടിത്തരമാണെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ 26 ന് ചേര്‍ന്ന ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്‍റ്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇത് CPM ഉം, BJP യുമായി നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ജില്ലാ പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത് DYSP അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ നോക്കി നില്‍ക്കെയാണ് ഈ കിരാത നടപടി ഉണ്ടായത്. അതുകൊണ്ടാണ് ഈകാര്യത്തില്‍ കേരളം ഭരിക്കുന്ന CPM ഉം, കേന്ദ്രം ഭരിക്കുന്ന BJP യും കോണ്‍ഗ്രസ്സ് മുക്തഭാരതത്തിനായി യോജിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് പറയേണ്ടി വരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അറിവും നിര്‍ദ്ദേശവും ഇല്ലാതെ ഇത്തരത്തിലൊരു കിരാതവും ജനാധിപത്യവിരുദ്ധവുമായ നടപടിയുണ്ടാകില്ല അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസ്സില്‍ ശ്രീ. രാഹുല്‍ഗാന്ധിയെ 53 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ഇത്തരത്തിലൊരു ആക്രമണം നടത്തണമെങ്കില്‍ അത് BJP സര്‍ക്കാരിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ചെയ്തതാണ്. കോണ്‍ഗ്രസ്സിനെ തകര്‍ക്കുന്നതില്‍ BJP യും CPM ഉം ഒരേതൂവല്‍ പക്ഷികളാണെന്ന് ഇവര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു ശ്രീ. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജിക്കും, ഗാന്ധിസത്തിനും എതിരായി രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഗാന്ധി വിരോധം കൂട്ടികള്‍ക്ക് പോലും പകര്‍ന്ന് കൊടുത്തിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഗാന്ധിചിത്രം അടിച്ചൊടച്ച് അതില്‍ ചവിട്ടി SFI ക്കാര്‍ നൃത്തം ചെയ്തത്. രാഷ്ട്ര പിതാവിനോടുള്ള ഈ അവഹേളനം മാപ്പര്‍ഹിക്കാത്ത തനികാടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന്‍റെ പേരില്‍ CPM ഉം സഹസംഘടനകളും വീണ്ടും അക്രമണങ്ങളും പോര്‍വിളികളും നടത്തുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ UDF ന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 30 ന് വയനാട് ബത്തേരിയില്‍ നടക്കുന്ന ബഹുജനകൂട്ടായ്മയില്‍ പങ്ക് ചേര്‍ന്ന് INTUC അഭിവാദ്യം അര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Recommended For You

About the Author: INTUC State Committee