ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് പദവിയില്‍ 16 വര്‍ഷം. അഭിനന്ദനങ്ങള്‍ - INTUC

ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് പദവിയില്‍ 16 വര്‍ഷം. അഭിനന്ദനങ്ങള്‍

ഐ.എന്‍.റ്റി.യു.സി.സംസ്ഥാന അദ്ധ്യക്ഷ പദവി ഏറ്റെടുത്തിട്ട് 2023 നവംബര്‍ 22 ന് 16 വര്‍ഷം പൂര്‍ത്തീകരിച്ച ശ്രീ. ആര്‍. ചന്ദ്രശേഖരന് അഭിനന്ദനങ്ങള്‍.

2007 നവംബര്‍ 22 ന് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.റ്റി.യു.സി. പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുമ്പോള്‍ തനിക്ക് ലഭിച്ച നിയമന ഉത്തരവിന്‍റെ ഒരു ഷീറ്റ് പേപ്പര്‍ അല്ലാതെ മറ്റൊന്നും ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റിയുടേതായി ഉണ്ടായിരുന്നില്ല.
 
കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആദ്യ ട്രേഡ് യൂണിയന്‍ വെരിഫിക്കേഷനില്‍ 37000 ഉം, രണ്ടാമത്തെ വെരിഫിക്കേഷനില്‍ 63000 ഉം, പിന്നീട് നടന്ന വെരിഫിക്കേഷനില്‍ 73000 ഉം ആയിരുന്നു ഐ.എന്‍.റ്റി.യു.സി. യുടെ അംഗസംഖ്യ. എന്നാല്‍ 2011 അടിസ്ഥാനവര്‍ഷമായി നിലവില്‍ നടന്ന വെരിഫിക്കേഷനില്‍ 1045000 ത്തിലേയ്ക്ക് ഐ.എന്‍.റ്റി.യു.സി.യുടെ അംഗസംഖ്യ സര്‍ക്കാര്‍ കണക്ക് പ്രകാരം ഉയര്‍ത്താന്‍ ശ്രീ. ചന്ദ്രശേഖരന്‍റെ പ്രവര്‍ത്തന കാലയളവിന് സാധിച്ചു.
2007 ല്‍ സ്ഥാനമേറ്റതിന് തൊട്ടടുത്ത വര്‍ഷം 2008 ല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ കേരള മോചനയാത്ര തൊഴിലാളികള്‍ക്ക് പൊതുവില്‍ ആവേശവും, ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയും നല്‍കുന്നതായിരുന്നു.
തൊട്ടടുത്ത വര്‍ഷം 2009 ല്‍ കൊച്ചിയില്‍ നടത്തിയ ദേശീയ പ്ലീനറി സമ്മേളനം കേരള ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തന ചരിത്രത്തിലെ നാഴികകല്ലായിരുന്നു. ഇന്നും ദേശീയതലത്തില്‍ ഓരോ നേതാക്കളും ഓര്‍മ്മിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്ര പ്രൗഢഗംഭീരമായിരുന്നു ഈ പ്ലീനറി സമ്മേളനം.
2012 ല്‍ സംസ്ഥാന ഐ.എന്‍.റ്റി.യു.ടെ ചരിത്രത്തില്‍ ദര്‍ശിച്ചിട്ടില്ലാത്ത സംഘടനാ തിരഞ്ഞെടുപ്പിനും തൊഴിലാളികള്‍ സാക്ഷികളായി. പാര്‍ലമെന്‍റ്, നിയമസഭാ തിരഞ്ഞെടുപ്പിലെന്നപോലെ പ്രതിനിധികള്‍ ക്യൂ ആയി നിന്ന് വോട്ടു രേഖപ്പെടുത്തിയ രംഗം ഐ.എന്‍.റ്റി.യു.സി.യുടെ ജനാധിപത്യഭാവത്തിന് മികവ് ഏകി.
 
2013 ഫെബ്രുവരി 4 ന് തൃശ്ശൂര്‍ ഠൗണ്‍ ഹാളില്‍ ചേര്‍ന്ന ആദ്യ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റ് ഡോ. ജി. സഞ്ജീവ റെഡ്ഡി ഉത്ഘാടനം ചെയ്തു.  കേരള ഐ.എന്‍.റ്റി.യു.സി ദേശീയ തലത്തില്‍ മാതൃകയാണെന്നും څകേരള മോഡല്‍چ എന്ന് ദേശീയ പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ശ്രീ. ചന്ദ്രശേഖരന്‍റെ പ്രവര്‍ത്തനത്തിന് അത് ഒരു വലിയ അംഗീകാരമായി.
2013 ഒക്ടോബര്‍ 7 ന് വീണ്ടും സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തൃശ്ശൂര്‍ ടാഗോര്‍ സെന്‍റിനറി ഹാളില്‍ ചേര്‍ന്ന് സംഘടനാ പ്രവര്‍ത്തനത്തിന് വ്യക്തമായ മാര്‍ഗ്ഗരേഖയും കര്‍മ്മ പരിപാടികളും രൂപീകരിച്ചു.
2014 ഫെബ്രുവരി 15 ന് ശ്രീമതി സോണിയാ ഗാന്ധി പങ്കെടുത്ത കൊല്ലം റാലിയും ഇതിന് പിന്നാലെ 2014 ഫെബ്രുവരി 17, 18 തീയതികളിലായി കൊല്ലത്ത് നടന്ന ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയും, സംസ്ഥാന ഐ.എന്‍.റ്റി.യു.സി.യില്‍ സമാനതകളില്ലാത്ത പ്രൗഢോജ്വല സമ്മേളനങ്ങളായിരുന്നു.
ഇന്‍റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) ഗവേണിംഗ് ബോഡിയിലേയ്ക്ക് 2014 ജൂണ്‍ 6 ന് നടന്ന അന്തര്‍ദേശീയ തിരഞ്ഞെടുപ്പില്‍ 184 രാജ്യ പ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഗവേണിംഗ് ബോഡി അംഗമായി ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ദേശീയ ഐ.എന്‍.റ്റി.യു.സി.ക്കും കേരള ഐ.എന്‍.റ്റി.യു.സി.ക്കും ഉള്ള അന്തര്‍ദേശീയ അംഗീകാരമായി.
രണ്ടാമത്തെ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന-ജില്ലാ തിരഞ്ഞെടുപ്പ് 2016 ല്‍ നടന്നപ്പോള്‍ ഐ.എന്‍.റ്റി.യു.സി. എന്നും ജനാധിപത്യത്തിന്‍റെ പാതയിലാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ സംഘടനാ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്നും തെളിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം 2016 ഫെബ്രുവരി 29 ന് എറണാകുളം ഠൗണ്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണ ജനറല്‍ കൗണ്‍സില്‍ യോഗം പങ്കാളിത്തം കൊണ്ടും തീരുമാനങ്ങള്‍ കൊണ്ടും കേരള ഐ.എന്‍.റ്റി.യു.സി.ക്ക് ദിശാബോധം നല്‍കുന്നതായിരുന്നു.
2016 മാര്‍ച്ച് 8 ന് ലോക വനിതാദിനം തൊഴിലാളികളുടെതാണെന്നും സ്ത്രീ തൊഴിലാളികളുടെ പോരാട്ട വിജയദിനമാണെന്നും ഓര്‍മ്മിപ്പിച്ച് കൊച്ചിയില്‍ നടത്തിയ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ പ്രകടനവും, തൊഴിലാളി സംഗമവും ദേശീയ പ്രസിഡന്‍റ് ഡോ. ജി. സഞ്ജീവ റെഡ്ഡി ഉത്ഘാടനം ചെയ്തപ്പോള്‍ അത് ഇന്‍ഡ്യന്‍ സ്ത്രീ തൊഴിലാളികളുടെ ആത്മാഭിമാനം ഉണര്‍ത്തുന്നതായി മാറി.
 
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് തിരികൊളുത്തും വിധം 1917 ല്‍ മഹാത്മാഗാന്ധി നടത്തിയ ചമ്പാരന്‍ തൊഴിലാളി പ്രക്ഷോഭത്തിന്‍റെ ദശാബ്ദി ആഘോഷം തിരുവനന്തപുരത്ത് നടത്തിയും, വിവിധ ജില്ലകളില്‍ അതിന്‍റെ ആഘോഷ പരിപാടികള്‍ നടത്തിയും  ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ സ്മരണകളിലേയ്ക്ക് തൊഴിലാളികളെയും പൊതുസമൂഹത്തെയും നയിച്ചു.
2017 ജൂണ്‍ 12 ന് നടന്ന രണ്ടാംവട്ട ഐ.എല്‍.ഒ തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ എതിര്‍പ്പുകളെയും പിന്‍തള്ളി മഹാഭൂരിപക്ഷത്തില്‍ അന്തര്‍ദേശീയ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.റ്റി.യു.സി.യുടെ മാത്രമല്ല ഇന്‍ഡ്യന്‍ തൊഴിലാളികളുടെ ആകെ അഭിമാനമായി മാറി.
കശുവണ്ടി തൊഴിലാളികള്‍ക്കായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപാ അന്യായമായി തടഞ്ഞുവച്ച ധനകാര്യ സെക്രട്ടറിയുടെ നടപടിയ്ക്കെതിരെ 2017 ജൂലൈ 12 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ നടത്തിയ നിരാഹാര സമരവും അതിന്‍റെ വിജയവും സമരരംഗത്തെ ശക്തനായ പോരാളിയാക്കി അദ്ദേഹത്തെ മാറ്റി.
ജീവിക്കാനൊരു ജോലി, തുല്ല്യ ജോലിക്ക് തുല്ല്യ വേതനം എന്ന മുദ്രാവാക്യവും ആയി 2017 ആഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 1 വരെയായി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലൂടെയും നടത്തിയ സമരപ്രഖ്യാപന വാഹനജാഥ തൊഴിലാളികളുടെ ജീവിത വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ ഉണര്‍ത്തുംവിധം ആയിരുന്നു.
2018 ജനുവരി 6 ന് എറണാകുളത്ത് നടന്ന ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗം വീണ്ടും ദേശീയ നേതാക്കളുടെ ആദരവിന് കാരണമായി.
 
2022 ജനുവരി 9 നും, ജനുവരി 25 നും ആയി നടന്ന മൂന്നാമത്തെ ജില്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ ജനാധിപത്യ സ്വഭാവത്തിന്‍റെ ഉത്തമ മാതൃകയായി മാറി. മറ്റ് പല സംഘടനകളും ജനാധിപത്യത്തെപ്പറ്റി പ്രസംഗിക്കുകയും, എന്നാല്‍ നോമിനേഷന്‍ ഉത്തമ മാതൃകയായി സ്വീകരിക്കുകയും ചെയ്യുന്ന കാലത്ത് സംഘടനാ തിരഞ്ഞെടുപ്പെന്ന ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെ നിലപാടും പ്രവര്‍ത്തനവും വരും തലമുറയ്ക്ക് ഒരു മാതൃകയായി മാറി.
ഐ.എന്‍.റ്റി.യു.സി. രൂപീകൃതമായിട്ട് 75 വര്‍ഷം പിന്നിട്ട 2022 മെയ് 3 ന് പ്ലാറ്റിനം ജൂബിലിയായി ആഘോഷിക്കുവാന്‍ ദേശീയ കമ്മിറ്റി ചുമതലപ്പെടുത്തിയത് ശ്രീ. ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലുള്ള കേരള ഐ.എന്‍.റ്റി.യു.സി.യെ ആണ്. 2022 മെയ് 3 ന് ഈ പ്ലാറ്റിനം ജൂബിലി ആഘോഷം തിരുവനന്തപുരം കോവളത്ത് വളരെ പ്രൗഢഗംഭീരമായി നടത്തിയപ്പോള്‍ ഐ.എന്‍.റ്റി.യു.സി.യുടെ ദേശീയ നേതാക്കളും, കേരളത്തിലെ സമുന്നതരായ എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളും, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഐ.എന്‍.റ്റി.യു.സി പ്രവര്‍ത്തകരും അതിന് സാക്ഷികളായി.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ ചിരകാല അഭിലാഷമായ ആസ്ഥാനമന്ദിരം തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്യപ്പെട്ടു. കേരളത്തിന്‍റെ ഐ.എന്‍.റ്റി.യു.സി. പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ് കെ. കരുണാകരന്‍റെ നാമധേയത്തില്‍ കെ. കരുണാകരന്‍ സ്മാരക ഐ.എന്‍.റ്റി.യു.സി. മന്ദിരം എന്ന സംസ്ഥാന കമ്മിറ്റി ഓഫീസ് സര്‍വ്വശ്രീ. എ.കെ. ആന്‍റണി, കെ. സുധാകരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, തെന്നല ബാലകൃഷ്ണപിള്ള, ശശി തരൂര്‍ എം.പി, എം. വിന്‍സന്‍റ് എം.എല്‍.എ., പി.സി. വിഷ്ണുനാഥ് എം.എല്‍.എ., ശ്രീമതി പത്മജ വേണുഗോപാല്‍, പാലോട് രവി എന്നിവരുടെയും ഐ.എന്‍.റ്റി.യു.സി. കേന്ദ്ര-സംസ്ഥാന നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ ഐ.എന്‍.റ്റി.യു.സി. പ്രസിഡന്‍റ് ഡോ. ജി. സഞ്ജീവ റെഡ്ഡി തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചപ്പോള്‍ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെ ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനത്തിന് അംഗീകാരവും പൊന്‍തൂവലും ആയി മാറി.
 
പ്ലാറ്റിനം ജൂബിലിയും ആയി ബന്ധപ്പെട്ട് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനും കോവളം ആഥിത്യം വഹിച്ചപ്പോള്‍ 4 ദേശീയ വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങള്‍ നടത്തിയതിന്‍റെ റിക്കാര്‍ഡിനും കേരള ഐ.എന്‍.റ്റി.യു.സി. അര്‍ഹരായി.
 
മൂന്നാമത് 2022 ല്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പിന് പിന്നാലെ 2022 ആഗസ്റ്റ് 17 ന് അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം വരുകാല പ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കുന്ന ശക്തമായ തീരുമാനങ്ങള്‍ എടുത്തു.
 
2022 ഡിസംബര്‍ 21, 22 തീയതികളിലായി നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ചര്‍ച്ചകള്‍ കൊണ്ടും, പ്രമേയങ്ങള്‍ കൊണ്ടും, തീരുമാനങ്ങള്‍ കൊണ്ടും സമ്പുഷ്ടമായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ശ്രീ. താരിഖ് അന്‍വറിന്‍റെ പ്രസംഗവും ഐ.എന്‍.റ്റി.യു.സി. കോണ്‍ഗ്രസ്സ് ബന്ധത്തിന് ശക്തമായ പുതിയൊരു തുടക്കം കുറിക്കുവാന്‍ ഈ ക്യാമ്പ് വഴിയൊരുക്കി. ഇത് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെ ശക്തമായ പ്രവര്‍ത്തന മികവ് തന്നെയാണ്.
 
നിരന്തര യോഗങ്ങള്‍, ചര്‍ച്ചകള്‍, തീരുമാനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും നടപടികള്‍ക്കും എതിരെ രാജ്യത്തെ 10 ദേശീയ ട്രേഡ് യൂണിയനുകളെ യോജിപ്പിച്ച് 2009 മുതല്‍ രാജ്യത്ത് ആകെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള സംയുക്ത സമരങ്ങള്‍ നടത്തിയും സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തും ഐ.എന്‍.റ്റി.യു.സി. ഒരു സമരസംഘടനയായി മാറി.  സംസ്ഥാന-ജില്ലാ-റീജിയണല്‍-മണ്ഡലം-ഫെഡറേഷന്‍ ക്യാമ്പുകള്‍, സമ്മേളനങ്ങള്‍ എന്നിവ നിരന്തരമായി നടത്തി കേരള ഐ.എന്‍.റ്റി.യുസി.യെ പ്രവര്‍ത്തന നിരതമാക്കി.
 
ശക്തമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റികള്‍, റീജിയണല്‍ മണ്ഡലം കമ്മിറ്റികള്‍, വിവിധ ഫെഡറേഷനുകള്‍, വുമണ്‍ വര്‍ക്കേഴ്സ് കൗണ്‍സില്‍, യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ എന്നിവ രൂപീകരിച്ചും ഇന്‍ഡ്യന്‍ തൊഴിലാളി മാഗസിന്‍ പ്രസിദ്ധീകരിച്ചും ഐ.എന്‍.റ്റി.യു.സി.യെ ചലനാത്മകമാക്കി.
 
ചര്‍ച്ചകളുടെയും, അറിവിന്‍റെയും ഒരു പാഠശാലയായി കേരള ഐ.എന്‍.റ്റി.യു.സി. മാറിയപ്പോള്‍ അതിന്‍റെ അമരക്കാരനായ ശ്രീ. ചന്ദ്രശേഖരന്‍റെ 16 വര്‍ഷത്തെ വിശ്രമരഹിത പ്രവര്‍ത്തനം ആരിലും അസൂയയും അത്ഭുതവും ഉളവാക്കും.
 
ഐ.എന്‍.റ്റി.യു.സി. പ്രസിഡന്‍റ് പദവിയില്‍ 16 വര്‍ഷം പൂര്‍ത്തീകരിച്ച ശ്രീ. ആര്‍. ചന്ദ്രശേഖരന് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍…….

Recommended For You

About the Author: INTUC State Committee