കുടിശ്ശിഖയായിരിക്കുന്ന മുഴുവന്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്ല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംഘാടന മികവ് കൊണ്ടും തൊഴിലാലി പങ്കാളിത്തം കൊണ്ടും പത്തനംതിട്ട ജില്ലയില്‍ ഐ.എന്‍.റ്റി.യു.സി.യുടെ ശക്തം വിളിച്ചറിയിച്ച് മലയോര പ്രദേശമായ റാന്നിയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത ഉജ്ജ്വല റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നുള്ള നാമമാത്ര ചികിത്സാ, വിവാഹം, അപകടം, വിദ്യാഭ്യാസ ധനസഹായങ്ങളും പെന്‍ഷനുകളും വിധവാ പെന്‍ഷനും മുടങ്ങിയിരിക്കുന്നു. ഇതുമൂലം തൊഴിലാളികള്‍ കടുത്ത ജീവിത ദുരിതത്തിലാണ്. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
സെസ്സ് ഇനത്തിലും, മറ്റ് രീതിയിലും തൊഴിലുടമകള്‍ ക്ഷേമനിധിയില്‍ അടയ്ക്കേണ്ട വിഹിതത്തിന്‍റെ കുടിശ്ശിഖ കോടികളാണ്. ഇത് പിരിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം മിനിമം കൂലിയായി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം നടപ്പിലാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിഖ സഹിതം ഉടന്‍ വിതരണം ചെയ്യുക, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്ട്, ബോണസ്സ് ശമ്പള പരിധികള്‍ ഉയര്‍ത്തുക, അംഗനവാടി, ആശ, എന്‍.എച്ച്.എം., പാലിയേറ്റീവ് കെയര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍ എന്നീ വിഭാഗം തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, യന്ത്രവല്‍ക്കരണം മൂലം തൊഴിലും, വരുമാനവും നഷ്ടമാകുന്ന കയറ്റിറക്ക് തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക, പ്ലാന്‍റ്റേഷന്‍ തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനവും, പാര്‍പ്പിട സൗകര്യങ്ങളും ഉറപ്പ് വരുത്തുക, മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ആധുനിക അടിമത്വ സമ്പ്രദായ തൊഴില്‍ കരാര്‍വല്‍ക്കരണം ഉപേക്ഷിക്കുക, തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കുക, പരമ്പരാഗത മേഖലയില്‍ ആശ്വാസവേതന പദ്ധതി നടപ്പിലാക്കുക, മിനിമം വേതനം നടപ്പിലാക്കുന്നത് കോടതിയിലൂടെ തടയുന്ന തൊഴിലുടമകളുടെ നീക്കങ്ങളെ ചെറുക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, പ്രൊവിഡന്‍റ് ഫണ്ട് പെന്‍ഷന്‍ ഏറ്റവും കുറഞ്ഞത് 9000/ രൂപയായി നിശ്ചയിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്ന തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുക എന്നീ തൊഴിലാളികളെയും സാധാരണക്കാരെയും ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ സമരം ആരംഭിക്കുമെന്ന് ചന്ദ്രശേഖരന്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലാ പ്രസിഡന്‍റ് മലയാലപ്പുഴ ജ്യോതിഷ്കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ആന്‍റോ ആന്‍റണി എം.പി., ഡി.സി.സി. പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍, ഐ.എന്‍.റ്റി.യു.സി. നേതാക്കളായ സര്‍വ്വശ്രീ. എ. ഷംസുദ്ദീന്‍, ഹരികുമാര്‍ പൂതങ്കര, ആര്‍. സുകുമാരന്‍ നായര്‍, പി.കെ. ഗോപി, എന്‍. ജയകുമാര്‍, സതീഷ് ചാത്തന്‍ങ്കരി, എ.ജി. ആനന്ദന്‍ പിള്ള, ജി. ശ്രീകുമാര്‍, പി.കെ. ഇക്ബാല്‍, നിഖില്‍ ചെറിയാന്‍, എം.സി. റോയി, അങ്ങാടിക്കല്‍ വിജയകുമാര്‍, എം.ആര്‍. ശ്രീധരന്‍, ജെ.സി. അലക്സ്, ഗ്രേസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
