ദേശീയ മിനിമം വേതനം പ്രഖ്യാപിച്ച് കര്‍ശനമായി നടപ്പാക്കണം - ആര്‍. ചന്ദ്രശേഖരന്‍ - INTUC

ദേശീയ മിനിമം വേതനം പ്രഖ്യാപിച്ച് കര്‍ശനമായി നടപ്പാക്കണം – ആര്‍. ചന്ദ്രശേഖരന്‍

ഭരണഘടനാ വ്യവസ്ഥകളും, ഐ.എല്‍.ഒ തീരുമാനങ്ങളും അനുസരിച്ച് രാജ്യത്തെ ഏതൊരു തൊഴിലാളിയുടെയും ദേശീയ മിനിമം വേതനം പ്രതിദിനം 1760 രൂപയായും പ്രതിമാസം 45760 രൂപയായും പ്രഖ്യാപിച്ച് നടപ്പാക്കണമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റും, ദേശീയ വൈസ് പ്രസിഡന്‍റും ആയ ആര്‍. ചന്ദ്രശേഖരന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇ.എസ്.ഐ, ഇ.പി.എഫ്, സംസ്ഥാന തൊഴിലാളി ക്ഷേമനിധികള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി ശ്രമം ശക്തിനിധി 2025 എന്ന പേരില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ തൊഴില്‍ നയരേഖയിന്മേല്‍ രേഖാമൂലം നല്‍കിയ നിര്‍ദ്ദേശങ്ങളിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
സുപ്രീംകോടതി ജഡ്ജിയും, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും, പ്രഗല്‍ഭ സാമ്പത്തിക വിദഗ്ദ്ധനും അടങ്ങിയ 7-ാം കേന്ദ്ര ശമ്പള കമ്മീഷന്‍ 2015 ല്‍ ഒരു പ്യൂണിന്‍റെ ഏറ്റവും കുറഞ്ഞ ശമ്പളം വളരെ ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. അത് നിലവില്‍ 45760 രൂപയാണ് എന്ന് കണക്കുകളും, രേഖകളും ഉദ്ധരിച്ച് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
 
ഈ രീതിയില്‍ മിനിമം വേതനം നിശ്ചയിച്ച് നടപ്പാക്കിയാല്‍ തൊഴിലാളികളുടെ വാങ്ങല്‍ ശേഷി കൂടും, മൊത്തം ഉല്പാദനം വര്‍ദ്ധിച്ച് വ്യാപാരമേഖല ശക്തിപ്പെടുമെന്നും അതുവഴി രാജ്യം സാമ്പിത്തിക വികസനത്തിലേക്ക് കുതിക്കുമെന്നും, വികസിത രാജ്യങ്ങള്‍ തുടരുന്ന നയമിതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 
അമേരിക്കയില്‍ ഒരു തൊഴിലാളിയുടെ പ്രതിമാസം മിനിമം വേതനം 336000 രൂപയും, ബ്രിട്ടണില്‍ 290880 രൂപയും, ആസ്ട്രേലിയയില്‍ 306720 രൂപയും, കാനഡയില്‍ 243120 രൂപയും, ഫ്രാന്‍സില്‍ 160080 രൂപയും, ജപ്പാനില്‍ 186000 രൂപയും, ചൈനയില്‍ 74880 രൂപയും ആണ്.
 
ഈ സാഹചര്യത്തില്‍ 2027 ല്‍ 5 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയില്‍ മൂന്നാം ലോക സാമ്പത്തിക ശക്തിയായി മാറി വികസിത രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് കടക്കാന്‍ പോകുന്ന ഇന്‍ഡ്യയില്‍ ലോകത്തെ മറ്റ് വികസിത രാജ്യങ്ങളിലെപോലെ തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
നിലവിലെ കരട് തൊഴില്‍ നയം നടപ്പായാല്‍ രാജ്യത്തെ 64 കോടി വരുന്ന സംഘടിത അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളികളും നിലവിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നിലവാരത്തിലേയ്ക്കാകുമെന്നും, ഇത് തൊഴിലാളികളെ അടിമകളാക്കുന്നതിന് തുല്ല്യമാണെന്നും ചന്ദ്രശേഖരന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
 
സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ റിസര്‍വ് ബാങ്ക് കണക്ക് പ്രകാരം അവകാശികളില്ലാത്ത ഓഹരി നിക്ഷേപമായ 90000 കോടിയും, ബാങ്ക് നിക്ഷേപമായ 75000 കോടിയും, ഇന്‍ഷ്വറന്‍സ് നിക്ഷേപമായ 14000 കോടിയും, ഇ.പി.എഫ് നിക്ഷേപമായ 8500 കോടിയും, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപമായ 3000 കോടിയും വരുന്ന 2 ലക്ഷം കോടിയോളം തുകയോടൊപ്പം തൊഴിലാളിയുടെ ശമ്പളത്തിന്‍റെ തൊഴിലുടമ വിഹിതം 25% ഉം, തൊഴിലാളി വിഹിതമായ 10%-13% ഉം, സര്‍ക്കാര്‍ വിഹിതമായി ജി.ഡി.പി.യുടെ .5% ഉം, സി.എസ്.ആര്‍ ഫണ്ട് പൂര്‍ണ്ണമായും, ബാങ്ക് പലിശ വാങ്ങാത്ത നിക്ഷേപകരുടെ മുഴുവന്‍ പലിശയും ചേര്‍ത്ത് സമഗ്ര സാമൂഹ്യ സുരക്ഷാനിധി രൂപീകരിക്കാനും, ഇ.എസ്.ഐ, ഇ.പി.എഫ്, ഗ്രാറ്റുവിറ്റി, നഷ്ടപരിഹാരം, തൊഴിലില്ലായ്മ വേതനം എന്നിവയുടെ പരിരക്ഷ തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Recommended For You

About the Author: INTUC State Committee