രാജ്ഭവന് മുമ്പില്‍ മഹാധര്‍ണ്ണ ആരംഭിച്ചു - ഐ.എന്‍.റ്റി.യു.സി - INTUC

രാജ്ഭവന് മുമ്പില്‍ മഹാധര്‍ണ്ണ ആരംഭിച്ചു – ഐ.എന്‍.റ്റി.യു.സി

സംയുക്ത ട്രേഡ് യൂണിയന്‍ – കര്‍ഷക സംഘടനകളുടെ യോജിച്ചുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി ദേശീയ കമ്മിറ്റികളുടെ തീരുമാനപ്രകാരം രാജ്യത്തെ എല്ലാ രാജ്ഭവനുകള്‍ക്ക് മുമ്പിലും, ത്രിദിന ധര്‍ണ്ണയ്ക്ക് തുടക്കമായി.

നവംബര്‍ 26 ന് ഞായറാഴ്ച തിരുവനന്തപുരത്ത് രാജ്ഭവന് മുമ്പില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ പ്രസിഡന്‍റ് എ. വിജയരാഘവന്‍ ഉത്ഘാടനം ചെയ്തു. 2023 ആഗസ്റ്റ് 24 ന് ഡല്‍ഹി കല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സമ്മേളിച്ച പതിനായിരക്കണക്കിന് തൊഴിലാളി – കര്‍ഷകനേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംയുക്ത കണ്‍വെന്‍ഷനിലെ പ്രഖ്യാപനപ്രകാരമാണ് ഈ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

വിലക്കയറ്റം തടയുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, ദേശീയ മിനിമം വേതനം 26000 രൂപയാക്കി നിശ്ചയിക്കുക, പൊതുമേഖലാ വില്പന അവസാനിപ്പിക്കുക, തൊഴില്‍ കരാര്‍വല്‍ക്കരണം ഉപേക്ഷിക്കുക, സ്കീം തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലുറപ്പ് പദ്ധതി 200 ദിവസമാക്കി ഉയര്‍ത്തുക, തൊഴിലുറപ്പ് കൂലി 600 രൂപയാക്കി നിജപ്പെടുത്തുക, ഇ.പി.എഫ് പെന്‍ഷന്‍ 9000 രൂപയായി ഉയര്‍ത്തുക, എല്ലാ തൊഴിലാളികള്‍ക്കും ഇ.എസ്.ഐ.യും പ്രോവിഡന്‍റ് ഫണ്ടും ബാധകമാക്കുക, ബോണസ്സ് ശമ്പളപരിധി എടുത്തു കളയുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ശാസ്ത്രീയമായി സംഭരണ വില നിര്‍ണ്ണയിച്ച് സംഭരണം കൃത്യവും കര്‍ശനവും ആയി നടപ്പിലാക്കുക, കര്‍ഷക സമരവും ആയി ബന്ധപ്പെട്ട കേസ്സുകള്‍ പിന്‍വലിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

3 ദിവസം തുടര്‍ച്ചയായി നടക്കുന്ന ഈ ധര്‍ണ്ണ നവംബര്‍ 28 ന് സമാപിക്കും. വരാന്‍ പോകുന്ന ശക്തമായ സമരത്തിന്‍റെ തുടക്കമാണിതെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കള്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Recommended For You

About the Author: INTUC State Committee