ലോകസഭാ തിരഞ്ഞെടുപ്പില്‍ ഐ.എന്‍.റ്റി.യു.സി. കര്‍മ്മസേന രൂപീകരിക്കും - ആര്‍. ചന്ദ്രശേഖരന്‍ - INTUC

ലോകസഭാ തിരഞ്ഞെടുപ്പില്‍ ഐ.എന്‍.റ്റി.യു.സി. കര്‍മ്മസേന രൂപീകരിക്കും – ആര്‍. ചന്ദ്രശേഖരന്‍

2024 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ തൊഴിലാളിവിരുദ്ധ മോഡി സര്‍ക്കാരിനെ പുറത്താക്കാനും, തൊഴിലാളിവിരുദ്ധ സര്‍ക്കാരായി മാറി കഴിഞ്ഞ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് താക്കീത് നല്‍കാനും, കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റുവാനുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ ഐ.എന്‍.റ്റി.യു.സി. കര്‍മ്മസേന രൂപീകരിക്കുമെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.

ഐ.എന്‍.റ്റി.യു.സി. കോട്ടയം ജില്ലാ റാലിയുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്‍റ് ശ്രീ. ഫിലിപ്പ് ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം നവംബര്‍ 14 ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികള്‍ക്ക് ജോലിയും ഇല്ല കൂലിയും ഇല്ലാത്ത അവസ്ഥയാണിന്ന്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുപോലും ജോലിയും ഇല്ല കൂലിയും ഇല്ല. തൊഴിലാളി ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായിരിക്കുന്നു. ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളും നടപടികളും മൂലം തൊഴിലാളികള്‍ ആകെ പ്രതിസന്ധിയിലാണ്. ഇതില്‍ നിന്നുള്ള മോചനമായി 2024 ലെ തിരഞ്ഞെടുപ്പിനെ തൊഴിലാളികള്‍ കാണണമെന്നും ശ്രീ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 29, 30 തീയതികളിലായി തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന റാലിക്കും പ്രതിനിധി സമ്മേളനത്തിനും ശേഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ വേതനം മിനിമം കൂലിയായി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം നടപ്പിലാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിഖ സഹിതം ഉടന്‍ വിതരണം ചെയ്യുക, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്ട്, ബോണസ്സ് ശമ്പള പരിധികള്‍ ഉയര്‍ത്തുക, അംഗനവാടി, ആശ, എന്‍.എച്ച്.എം., പാലിയേറ്റീവ് കെയര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍ എന്നീ വിഭാഗം തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, യന്ത്രവല്‍ക്കരണം മൂലം തൊഴിലും, വരുമാനവും നഷ്ടമാകുന്ന കയറ്റിറക്ക് തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക, പ്ലാന്‍റ്റേഷന്‍ തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനവും, പാര്‍പ്പിട സൗകര്യങ്ങളും ഉറപ്പ് വരുത്തുക, മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ആധുനിക അടിമത്വ സമ്പ്രദായ തൊഴില്‍ കരാര്‍വല്‍ക്കരണം ഉപേക്ഷിക്കുക, തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കുക, പരമ്പരാഗത മേഖലയില്‍ ആശ്വാസവേതന പദ്ധതി നടപ്പിലാക്കുക, മിനിമം വേതനം നടപ്പിലാക്കുന്നത് കോടതിയിലൂടെ തടയുന്ന തൊഴിലുടമകളുടെ നീക്കങ്ങളെ ചെറുക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, പ്രൊവിഡന്‍റ് ഫണ്ട് പെന്‍ഷന്‍ ഏറ്റവും കുറഞ്ഞത് 9000/ രൂപയായി നിശ്ചയിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്ന തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുക എന്നീ തൊഴിലാളികളെയും സാധാരണക്കാരെയും ബാധിക്കുന്ന ആവശ്യങ്ങള്‍ ഉയര്‍ത്തി ശക്തമായ സമരം ആരംഭിക്കുമെന്നും ശ്രീ. ചന്ദ്രശേഖരന്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീമതി കൃഷ്ണവേണി ജി. ശര്‍മ്മ, സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിയന്‍ മാത്യു, സംസ്ഥാന സെക്രട്ടറി പി.പി. തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോസഫ് കെ. മാത്യു, യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ. കാര്‍ത്തിക് ശശി, ജില്ലാ ഭാരവാഹികളായ പി.വി. പ്രസാദ്, നന്ദിയോട് ബഷീര്‍ എന്നിവരും മറ്റ് ജില്ലാ നേതാക്കളും പ്രസംഗിച്ചു.

Recommended For You

About the Author: INTUC State Committee