ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഇന്‍ഡ്യന്‍ തൊഴിലാളി വാര്‍ത്താപോര്‍ട്ടല്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരു നാഴികകല്ലായി മാറുമെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും, ഇന്‍ഡ്യന്‍ തൊഴിലാളി മാഗസിന്‍ മാനേജിംഗ് എഡിറ്ററുമായ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.
ഭരണകൂട തൊഴിലാളി വിരുദ്ധ സാമ്പത്തിക ഭീകരതയാണ് എവിടെയും കാണുന്നത്. തൊഴിലാളികളും, തൊഴിലാളി പ്രസ്ഥാനങ്ങളും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലും മാതൃകാസ്ഥാപനങ്ങളുമായ പൊതുമേഖലയെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുന്നു. തൊഴിലാളി സംരക്ഷണ നിയമങ്ങള്‍ ഇല്ലാതാക്കുന്നു. സ്ഥിരം ജോലിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. എല്ലാ ജോലികളും കങ്കാണി സമ്പ്രദായത്തിലൂടെ കരാര്‍ വല്‍ക്കരിച്ചിരിക്കുന്നു. പൊതുവില്‍ ജോലിയും ഇല്ല – കൂലിയും ഇല്ലാത്ത അവസ്ഥ. വികസനത്തിന്റെയും സമഗ്രവികസനത്തിന്റെയും പേരില്‍ എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ അടിയറവ് വയ്ക്കുന്ന രീതിയാണ് കാണുന്നത്. വിലക്കയറ്റത്തിന് യാതൊരു നിയന്ത്രണവും ഇല്ല. തൊഴിലാളികളും പാവപ്പെട്ടവരും നിത്യദുരിതത്തിലാണ്. ഇതിനെതിരെ യോചിച്ച പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുന്നു.

ഈ സാഹചര്യത്തില്‍ സംഘടിത അസംഘടിത മേഖലകളിലെ തൊഴിലാളി വിഷയങ്ങളും, അന്തര്‍ദേശീയ തൊഴിലാളി നിലപാടുകളും, രാജ്യത്തെ വ്യവസായ- വാണിജ്യ – മത്സ്യ – കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യവസായ-സാമ്പത്തിക-തൊഴില്‍ നയങ്ങളും സത്യസന്ധമായും വസ്തുതാപരവുമായും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വാര്‍ത്താപോര്‍ട്ടല്‍ തൊഴിലാളികളുടെ ആശയങ്ങളും, അഭിപ്രായങ്ങളും ഉയര്‍ത്തിപ്പിടിക്കും. ഇതുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങള്‍ സമൂഹ മധ്യത്തിലും, അധികാര കേന്ദ്രങ്ങളിലും യഥാസമയം എത്തിക്കുന്ന ദൗത്യം ഈ വാര്‍ത്താപോര്‍ട്ടല്‍ ഏറ്റെടുക്കും. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

