കേരളത്തിലെ തൊഴില്‍മേഖല പൂര്‍ണ്ണമായും തകര്‍ന്നു - രമേശ് ചെന്നിത്തല - INTUC

കേരളത്തിലെ തൊഴില്‍മേഖല പൂര്‍ണ്ണമായും തകര്‍ന്നു – രമേശ് ചെന്നിത്തല

കേരളത്തിലെ തൊഴില്‍മേഖല കഴിഞ്ഞ 7 വര്‍ഷമായി പിണറായി ഭരണത്തില്‍ തകര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ ആരോപിച്ചു. ഐ.എന്‍.റ്റി.യു.സി. കാസര്‍കോഡ് ജില്ലാ റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി ക്ഷേമനിധികളുടെ പ്രവര്‍ത്തനങ്ങള്‍ ആകെ അവതാളത്തിലായിരിക്കുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ട് മാസങ്ങളും, വര്‍ഷങ്ങളും ആയി. മിനിമം വേതനം പോലും കര്‍ശനമായി നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ശ്രീ. രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ നെഹ്റുവും, ഇന്ദിരാഗാന്ധിയും തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ 29 ഓളം തൊഴില്‍ നിയമങ്ങള്‍ ഇല്ലായ്മ ചെയ്ത് 4 തൊഴിലാളി വിരുദ്ധ കോഡുകള്‍ക്ക് രൂപം കൊടുത്തിരിക്കുന്നു. തൊഴിലാളികള്‍ക്ക് മിനിമം വേതനത്തിന് പകരം ഫ്ളോര്‍ വേജ് (തറ വേതനം) നല്‍കിയാല്‍ മതിയെന്ന നിയമം കൊണ്ടുവന്നിരിക്കുന്നു. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരത്തിന് തയ്യാറെടുക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്‍റ് ശ്രീ. പി.ജി. ദേവിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഐ.എന്‍.റ്റി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. റജി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., ഡി.സി.സി. പ്രസിഡന്‍റ് പി.കെ. ഫൈസല്‍, മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.വി. കുഞ്ഞികണ്ണന്‍, മുന്‍ കെ.പി.സി.സി. സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, നീലകണ്ഠന്‍, എം. അസൈനാര്‍, മുന്‍ ഡി.സി.സി. പ്രസിഡന്‍റ് ഹക്കീം കുന്നില്‍, കെ.എം. ശ്രീധരന്‍, ടി.പി. ചന്ദ്രശേഖരന്‍, ജില്ലാ നേതാക്കളായ തോമസ്സ് സെബാസ്റ്റ്യന്‍, ലതാ സതീഷ്, ടി.പി. കുഞ്ഞിരാമന്‍, ടി.ഒ. സജി, ആര്‍. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായി ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം കാസര്‍കോഡ് ജില്ലയില്‍ ഐ.എന്‍.റ്റി.യു.സി. യുടെ ശക്തി വിളിച്ച് അറിയിക്കുന്നതായിരുന്നു. പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് പി.ജി. ദേവ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. റജി എന്നിവര്‍ നേതൃത്വം നല്‍കി.

Recommended For You

About the Author: INTUC State Committee