രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നശിപ്പിക്കുകയും വിറ്റ് തുലയ്ക്കുകയും ആണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഐ.എന്‍.റ്റി.യു.സി. കണ്ണൂര്‍ ജില്ലാ റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്റുവും, ഇന്ദിരാഗാന്ധിയും രാജ്യത്ത് സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു. സംസ്ഥാനത്താണെങ്കില്‍ കെ.എസ്സ്.ആര്‍.ടി.സി.യും, ഇലക്ട്രിസിറ്റി ബോര്‍ഡും, വാട്ടര്‍ അതോറിറ്റിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. രണ്ട് സര്‍ക്കാരുകളും ഒരേ തൂവല്‍ പക്ഷികളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പട്ടിണി രാജ്യമായി നില്‍ക്കുന്ന ഇന്‍ഡ്യയെ ഭക്ഷ്യസ്വയം പര്യാപ്തതയിലെത്തിച്ചതും, ഭക്ഷ്യകയറ്റുമതി രാജ്യമാക്കി മാറ്റിയതും കോണ്‍ഗ്രസ്സാണ്. ഈ നേട്ടം കൈവരിക്കുന്നതിലും, പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിലും ഐ.എന്‍.റ്റി.യു.സി. വഹിച്ചിട്ടുള്ള പങ്ക് വളരെ നിസ്തുലമാണ്. ഐ.എന്‍.റ്റി.യു.സി.യുടെ കൈയ്യൊപ്പ് പതിയാത്ത ഒരു തൊഴിലാളി നിയമനിര്‍മ്മാണവും ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ലെന്നും ശ്രീ. സുധാകരന്‍ ഓര്‍മ്മപ്പെടുത്തി.

സമ്മേളനത്തിന് മുമ്പായി ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത ഉജ്ജ്വലമായ പ്രകടനം കണ്ണൂര്‍ ജില്ലയില്‍ ഐ.എന്‍.റ്റി.യു.സി.യുടെ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു. പ്രകടനത്തിന് സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരനും, ജില്ലാ പ്രസിഡന്‍റ് ശ്രീ. ജോസ് ജോര്‍ജ്ജ് പ്ലാത്തോട്ടവും നേതൃത്വം നല്‍കി.

ജില്ലാ പ്രസിഡന്‍റ് ജോസ് ജോര്‍ജ്ജ് പ്ലാത്തോട്ടത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി.
സര്‍വ്വശ്രീ. സോണി സെബാസ്റ്റ്യന്‍, വി.വി. ശശീന്ദ്രന്‍, കാര്‍ത്തിക് ശശി, എ.ടി. നിശാന്ത്, യു.കെ. ജലജ, സി.ടി. ഗിരിജ എന്നിവര്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചു.
