1947 മെയ് 3 ന് സ്ഥാപിതമായ ഐ.എന്‍.റ്റി.യു.സി. 75-ാം ജډദിനത്തിന്റെ ഭാഗമായി നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷം കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശ്രീ. എ.കെ. ആന്റണി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

2022 മെയ് 3 ന് കോവളം ഹോട്ടല്‍ ഉദയസമുദ്രയില് ഒരുക്കിയ പ്രൗഢഗംഭീരമായ വേദിയില്‍ ഐ.എന്‍.റ്റി.യു.സി. ദേശീയ പ്രസിഡന്റ് ഡോ: ജി. സഞ്ജീവ റെഡ്ഡി, കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. കെ. സുധാകരന് എം.പി., മുന്‍ കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല, ശ്രീ. ശശി തരൂര്‍ എം.പി., ശ്രീ. എം.കെ. രാഘവന് എം.പി., ശ്രീ. എം. വിന്‍സെന്റ് എം.എല്‍.എ., ശ്രീ. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, 28 സംസ്ഥാനങ്ങളിലെ ഐ.എന്‍.റ്റി.യു.സി. പ്രസിഡന്റുമാര്‍, ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, ഐ.എന്‍.റ്റി.യു.സി. വുമണ്‍ വര്‍ക്കേഴ്സ് കൗണ്‍സില്‍ ദേശീയ ചെയര്‍പേഴ്സണ്‍, യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ്, കേരളത്തിലെ 14 ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരും, കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലേയും ആയിരക്കണക്കിന് നേതാക്കളും തൊഴിലാളി പ്രവര്‍ത്തകരും ഈ ചടങ്ങിന് സാക്ഷിയായി.

ജാതി മത വര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്സിന് അധികാരത്തില്‍ വരുവാന്‍ കോണ്‍ഗ്രസ്സ് ഐ.എന്‍.റ്റി.യു.സി. ഐക്യം ശക്തിപ്പെടുത്തണമെന്നും അതിലൂടെ തൊഴിലാളികളുടെ പിന്തുണ ആര്‍ജ്ജിക്കണമെന്നും എ.കെ. ആന്റണി അഭിപ്രായപ്പെട്ടു.
ഐ.എന്‍.റ്റി.യു.സി. 1947 ല്‍ സ്ഥാപിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശത്താല്‍ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും, ഉപ പ്രധാനമന്ത്രി സര്‍ദ്ദാര്‍ വല്ലഭഭായ് പട്ടേലും, ജെ.ബി. കൃപലാനിയും ചേര്‍ന്നാണ്. തൊഴിലാളി നേതാക്കള്‍ കൂടിയായിരുന്ന നെഹ്റുവും, പട്ടേലും തൊഴിലാളി സംരക്ഷണം ഉറപ്പ് വരുത്തുവാന്‍ നിരവധി നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കിയതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി വളരെ ശക്തമായ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ശ്രീ. ആര്. ചന്ദ്രശേഖരനെയും, സഹപ്രവര്‍ത്തകരെയും ശ്രീ. എ.കെ. ആന്റണി അഭിനന്ദിച്ചു.

കോണ്‍ഗ്രസ്സിനെ തൊഴിലാളികളും ആയി ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയാണ് ഐ.എന്‍.റ്റി.യു.സി. എന്നും ഐ.എന്‍.റ്റി.യു.സി. കോണ്‍ഗ്രസ്സ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അതിനായുള്ള നടപടികള്‍ ഉണ്ടാകണമെന്നും കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. കെ. സുധാകരന് അഭിപ്രായപ്പെട്ടു.
ഈ സമ്മേളനത്തിന് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീമതി സോണിയാഗാന്ധിയില്‍ നിന്നും, കോണ്‍ഗ്രസ്സ് നേതാവ് ശ്രീ. രാഹുല്‍ ഗാന്ധിയില്‍ നിന്നും ലഭിച്ച സന്ദേശം കൂടുതല്‍ ആവേശം പകര്‍ന്നു.
തൊഴിലാളിയായി പ്രവര്‍ത്തിച്ച് ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ കൊടുക്കുന്ന മികച്ച സംരംഭകനായി മാറിയ ശ്രീ. ഹരികുമാറിനും, തൊഴിലാളിയായി പ്രവര്‍ത്തനം തുടങ്ങി നല്ലൊരു സംരംഭകനും ഒ.ഐ.സി.സി. ഗ്ലോബല്‍ ചെയര്‍മാനും ആയി നിയമിതനായ ശ്രീ. ശങ്കര്‍ കുമ്പളത്തിനും വേദിയില്‍ ഉപഹാരം നല്കി ആദരിച്ചു.
ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ 2021 ലെ തൊഴിലാളി ശ്രേഷ്ഠാ അവാര്‍ഡിന് അര്‍ഹരായ കോഴിക്കോട് നിന്നുള്ള തയ്യല്‍ തൊഴിലാളി ശ്രീമതി കെ. സുജാതയെയും, കൊല്ലത്തുനിന്നുള്ള കശുവണ്ടി തൊഴിലാളി ശ്രീമതി വത്സലകുമാരി അമ്മയെയും സമ്മേളനത്തില്‍ ഉപഹാരം നല്കി ആദരിച്ചു.

ഐ.എന്‍.റ്റി.യു.സി. രൂപീകരണത്തിന്റെ 75 വര്‍ഷം അടയാളപ്പെടുത്തി 75 വനിതാ തൊഴിലാളി നേതാക്കള്‍ കൊളുത്തിയ 75 ദീപങ്ങള്‍ ചടങ്ങിന് കൂടുതല്‍ ശോഭയേകി.
