കേന്ദ്രബഡ്ജറ്റ് തൊഴിലാളി വിരുദ്ധം - നിരാശാജനകം - INTUC

കേന്ദ്രബഡ്ജറ്റ് തൊഴിലാളി വിരുദ്ധം – നിരാശാജനകം

ഫെബ്രുവരി 1 ന് ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2022-23 വര്‍ഷത്തെ ബഡ്ജറ്റ് തൊഴിലാളി വിരുദ്ധവും നിരാശാജനകവും ആണെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റുമായ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്‍ഡ്യയില്‍ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റുകളില്‍ ഏറ്റവും ദുര്‍ബലവും, തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും യാതൊരു ആശ്വാസവും പ്രതീക്ഷയും നല്‍കാത്ത ബഡ്ജറ്റാണിത്.

കോവിഡ് മഹാമാരിയുടെ പേരില്‍ വ്യവസായ വാണിജ്യ ഉല്പാദന മേഖലകള്‍ തകര്‍ന്നിരിക്കുന്ന സാഹചര്യമാണിന്നുള്ളത്. രാജ്യത്തെ ലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. വാണിജ്യമേഖല ഊര്‍ദ്ധശ്വാസം വലിക്കുന്നു. തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും ഇല്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളുടെ മുമ്പില്‍ രാജ്യം 9.2% സാമ്പത്തിക വളര്‍ച്ച നേടിയെന്ന് ബഡ്ജറ്റിലൂടെ അവകാശപ്പെടുന്ന മന്ത്രി ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
അംബാനി, അദാനിമാരുടെയും കേവലം ചില കോര്‍പ്പറേറ്റുകളുടെയും സാമ്പത്തിക നേട്ടങ്ങളും വളര്‍ച്ചയും ആണ് ബഡ്ജറ്റിലൂടെ മന്ത്രി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ഈ വര്‍ഷം രാജ്യം നേടിയെന്ന് അവകാശപ്പെടുന്ന 147 ലക്ഷം കോടിയുടെ ആഭ്യന്തര ഉല്പാദനം നേടിതന്നത് 64 കോടിയോളം വരുന്ന സംഘടിത അസംഘടിത മേഖലകളിലെ തൊഴിലാളികളാണ്. എന്നാല്‍ ഈ തൊഴിലാളികളുടെ അദ്ധ്വാനത്തെപ്പറ്റി ഒന്ന് പരാമര്‍ശിക്കുവാനോ, തൊഴിലാളി എന്ന വാക്ക് ഒരു പ്രാവശ്യമെങ്കിലും ഉച്ചരിക്കുവാനോ മന്ത്രി തയ്യാറായിട്ടില്ല.

ഇന്ധനവില കുറയ്ക്കുവാനോ, നിത്യോപയാഗ സാധനങ്ങളുടെ അമിതവിലക്കയറ്റം നിയന്ത്രിക്കുവാനോ യാതൊരു നിര്‍ദ്ദേശവും ബഡ്ജറ്റിലില്ല. തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തിലും ബഡ്ജറ്റ് മൗനം പാലിച്ചിരിക്കുന്നു. തൊഴിലാളിക്ഷേമ പദ്ധതികള്‍ പാടെ വിസ്മരിച്ചിരിക്കുന്നു. തുച്ഛമായ GPR പെന്‍ഷന്‍ വര്‍ദ്ധന ആവശ്യത്തെപ്പറ്റി കേട്ടതായിപോലും പരാമര്‍ശമില്ല. ചന്ദ്രശേഖരന്‍ വിമര്‍ശിച്ചു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 25000 കോടി കുറവ് ചെയ്തിരിക്കുന്നതായി അഭിമാനത്തോടെ ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ ദുര്‍ബല വിഭാഗ തൊഴിലാളികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോര്‍പ്പറേറ്റുകളുടെ നികുതിയില്‍ വര്‍ദ്ധനവ് വരുത്താതെ ഇളവുകള്‍ നല്‍കിയും, വജ്ര വ്യാപാരത്തിന്റെ ഇറക്കുമതി ചുങ്കം എടുത്തുകളഞ്ഞും സ്വകാര്യ സമ്പന്ന മേഖലകളെ മാത്രം തൃപ്തിപ്പെടുത്തുന്ന ഒരു ബഡ്ജറ്റാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
23 ലക്ഷം കോടിയുടെ വരവും, 40 ലക്ഷം കോടിയുടെ ചിലവും, 17 ലക്ഷം കോടിയുടെ കമ്മിയും ആയി അവതരിപ്പിക്കപ്പെട്ട ഈ ബഡ്ജറ്റ് നടപ്പിലാക്കുമ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും, ധനികള്‍ കൂടുതല്‍ ധനികരും ആയി മാറുന്ന സ്ഥിതിയാകും ഉണ്ടാകുകയെന്ന് ചന്ദ്രശേഖരന്‍ ഓര്‍മ്മിപ്പിച്ചു.

947 ല്‍ കേവലം 171 കോടിയുടെ വരവും, 197 കോടിയുടെ ചിലവും, 24 കോടിയുടെ കമ്മിയും ആയി ആരംഭിച്ച രാജ്യത്തിന്റെ ബഡ്ജറ്റ് തുക ലക്ഷം കോടികളിലേക്ക് എത്തിക്കുവാന്‍ കാരണം കഴിഞ്ഞകാല ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ്.
അന്നൊക്കെ ബഡ്ജറ്റുകള്‍ തൊഴിലാളികള്‍ക്കും, പാവപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു. ഇന്ന് ബഡ്ജറ്റ് ധനവാന്‍മാര്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും മാത്രമായി മാറിയിരിക്കുന്നു എന്നതാണ് ഈ ബഡ്ജറ്റിന്റെ ബാക്കിപത്രമെന്നും ചന്ദ്രശേഖരന്‍ ഓര്‍മ്മിപ്പിച്ചു.

Recommended For You

About the Author: INTUC State Committee