സംസ്ഥാനത്തെ അങ്കണവാടി തൊഴിലാളികള്‍ക്ക് 2022 ഏപ്രില്‍ 25 ന്റെ സുപ്രീംകോടതി വിധി പ്രകാരമുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യവും, ഗുജറാത്ത് ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പ്രകാരമുള്ള ശമ്പള പരിഷ്കരണവും അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അങ്കണവാടി ആന്റ് ക്രെഷ് വര്‍ക്കേഴ്സ് യൂണിയന് (ഐ.എന്‍.റ്റി.യു.സി) വനിതാ ശിശുവികസന ഡയറക്ടര്‍ക്ക് നിയമപരമായ നോട്ടീസ് 2025 ഒക്ടോബര്‍ 22 ന് സമര്‍പ്പിച്ചു.

വിവിധ ജില്ലകളിലെ റിട്ടയര്‍ ചെയ്ത 115 ഓളം അങ്കണവാടി ടീച്ചര്‍മാരും, ഹെല്‍പ്പര്‍മാരും മുഴുവന്‍ റിട്ടയര്‍ ചെയ്തവര്‍ക്കും വേണ്ടി ഗ്രാറ്റുവിറ്റി നിയമപ്രകാരമുള്ള പ്രത്യേക ഫോമില്‍ തയ്യാറാക്കിയ തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അവകാശപ്പെട്ട തുക കണക്കാക്കിയുള്ള നോട്ടീസ് ആണ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത്. ബഹു. സുപ്രീംകോടതിയുടെ 41 പേജ് വരുന്ന 2025 ഏപ്രില്‍ 25 ന്റെ വിധിയുടെ പകര്‍പ്പും ഈ നോട്ടീസിനോടൊപ്പം സമര്‍പ്പിച്ചു.
അങ്കണവാടി ജീവനക്കാര്‍ക്ക് സര്‍ക്കാരിലെ ക്ലാസ്സ് IV ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി 2025 ജൂണ്‍ 2 ന് കേരള അങ്കണവാടി ആന്റ് ക്രെഷ് വര്‍ക്കേഴ്സ് യൂണിയന് (ഐ.എന്‍.റ്റി.യു.സി) ബഹു. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ്സില്‍ 2025 ജൂണ്‍ 3 ന് കോടതി പിറപ്പെടുവിച്ച വിധിന്യായം നടപ്പാക്കാത്തത് സംബന്ധിച്ച പരാതിയും യൂണിയന് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. യൂണിയന് ലഭിച്ച കോടതിവിധിയുടെ പകര്‍പ്പും അവര്‍ക്ക് കൈമാറി.
മേല്‍ വിഷയങ്ങളില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ കൂടുതല്‍ നിയമപരവും, സംഘടനാപരവും ആയ നടപടികള്‍ സ്വീകരിക്കാന്‍ യൂണിയന് നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പും യൂണിയന് പ്രസിഡന്റ് ശ്രീമതി. കൃഷ്ണവേണി ജി. ശര്‍മ്മയും, ജനറല്‍ സെക്രട്ടറി ശ്രീമതി. മായാ പ്രദീപും ഡയറക്ടര്‍ക്ക് മുന്നറിയിപ്പ് നല്കി.
