അങ്കണവാടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അനുവദിക്കണം- അങ്കണവാടി ആന്‍റ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന്‍ ഐ.എന്‍.റ്റി.യു.സി. - INTUC

അങ്കണവാടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അനുവദിക്കണം- അങ്കണവാടി ആന്‍റ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന്‍ ഐ.എന്‍.റ്റി.യു.സി.

അങ്കണവാടി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് 2025 ജൂണ്‍ 2 ന് അങ്കണവാടി ആന്‍റ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി) ബഹു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ്സില്‍ 2025 ജൂണ്‍ 3 ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.
 
ഈ വിധിയുടെ അടിസ്ഥാനത്തില്‍ ബഹു. വനിതാ ശിശുവികസന വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. ടി.കെ. സന്തോഷ് കുമാര്‍ 2026 ജനുവരി 30 ന് യൂണിയനെ ഹിയറിംഗിന് ക്ഷണിക്കുകയും യൂണിയന്‍ പങ്കെടുക്കുകയും ചെയ്തു.
 
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അങ്കണവാടി ജീവനക്കാര്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വാദമുഖമാണ് യൂണിയന്‍ അഡീഷണല്‍ സെക്രട്ടറിക്ക് മുമ്പില്‍ ഉന്നയിച്ചത്.
 
ഇന്‍ഡ്യന്‍ ഭരണഘടനാവ്യവസ്ഥകളും, 1947 ലെ തൊഴില്‍തര്‍ക്ക നിയമവ്യവസ്ഥകളും, സര്‍ക്കാര്‍ ജീവനക്കാരുടെ പേ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും, ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു യണിയന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട 9 ഓളം രേഖകള്‍ ഉള്‍പ്പെടുത്തി വിശദമായ അവകാശവാദങ്ങളാണ് രേഖാമൂലം അദ്ദേഹത്തിന് സമര്‍പ്പിച്ചത്.
 
ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഈ ഹിയറിംഗില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. വി.ജെ. ജോസഫ്, യൂണിയന്‍ പ്രസിഡന്‍റ് ശ്രീമതി കൃഷ്ണവേണി. ജി. ശര്‍മ്മ, ജനറല്‍ സെക്രട്ടറി ശ്രീമതി മായ പ്രദീപ്, ട്രഷറര്‍ ശ്രീമതി ബിന്ദ്യ. ടി എന്നിവര്‍ പങ്കെടുത്തു.

Recommended For You

About the Author: INTUC State Committee