3.5 കോടി വിദേശ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ILO തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം - ആര്‍. ചന്ദ്രശേഖരന്‍ - INTUC

3.5 കോടി വിദേശ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ILO തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം – ആര്‍. ചന്ദ്രശേഖരന്‍

1983 ലെ എമിഗ്രേഷന്‍ നിയമം റദ്ദ് ചെയ്ത് ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്‍റ് വെല്‍ഫെയര്‍) ബില്‍ 2025 എന്ന പേരില്‍ പുതിയൊരു നിയമനിര്‍മ്മാണത്തിന് കേന്ദ്ര വിദേശമന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന കരട് ബില്ല് വിദേശത്ത് പണിയെടുക്കുന്ന തൊഴിലാളികളെ തീര്‍ത്തും അവഗണിക്കുന്ന രീതിയിലാണെന്ന് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

ഈ കരട് ബില്ലിനെതിരെ കേന്ദ്ര വിദേശമന്ത്രാലയത്തിന് രേഖാമൂലം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
 
ലോകത്തെ വിവിധ രാജ്യങ്ങളിലായി 3.5 കോടി ഇന്‍ഡ്യാക്കാരാണ് ജോലി ചെയ്തു വരുന്നത്. ഇതില്‍ 90 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളിലും, 60 ലക്ഷം അമേരിക്കയിലും, 30 ലക്ഷം കാനഡയിലും, 30 ലക്ഷം മലേഷ്യയിലും, 20 ലക്ഷം യൂറോപ്യന്‍ യൂണിയനിലും, 20 ലക്ഷം ബ്രിട്ടണിലും, 20 ലക്ഷം മ്യാന്‍മാറിലും, 15 ലക്ഷം സൗത്ത് ആഫ്രിക്കയിലും, 10 ലക്ഷം ആസ്ട്രേലിയലും, 10 ലക്ഷം മൗറീഷ്യസിലും ശേഷിക്കുന്നവര്‍ മറ്റ് രാജ്യങ്ങളിലും ആയി ജോലി ചെയ്തു വരുന്നതായി ചന്ദ്രശേഖരന്‍ കണക്കുകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.
 
ഗള്‍ഫില്‍ ഒഴികെ മറ്റ് രാജ്യങ്ങളില്‍ ന്യായമായ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെങ്കിലുംവര്‍ണ്ണവിവേചനം, ദേശീയത, മതവിശ്വാസം എന്നിവയുടെ പേരില്‍ അവഗണനയും പരിഹാസവും, ശാരീരിക അതിക്രമങ്ങളും ഇവര്‍ അനുഭവിക്കുന്നു.
 
ഗള്‍ഫ് രാജ്യങ്ങളിലാണെങ്കില്‍ കുറഞ്ഞ വേതനം, ഉയര്‍ന്ന ജോലി സമയം, ശമ്പളംനല്‍കുന്നതിലെ താമസം, തൊഴിലുടമകളുടെയും ഇടനിലക്കാരുടെയും ചൂഷണം എന്നിവ മൂലം ബഹുഭൂരിപക്ഷം വിദേശ തൊഴിലാളികളും ദുരിതത്തിലാണ്. യാതൊരു നിയമസംരക്ഷണവും ഇല്ലാതെ അപകടകരവും അനാരോഗ്യകരവും ആയ മേഖലകളില്‍ ഇവര്‍ കഠിന ജോലികള്‍ക്ക് വിധേയരാകുന്നു.
 
ലേബര്‍ ക്യാമ്പുകളിലെ കൂട്ടായ താമസം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സാമൂഹ്യ ഒറ്റപ്പെടലും, കുടുംബജീവിത വിരഹവും മൂലം മാനസിക സമ്മര്‍ദ്ദത്തിലാണ് ബഹുഭൂരിപക്ഷം തൊഴിലാളികളും ചന്ദ്രശേഖരന്‍ ഓര്‍മ്മിപ്പിച്ചു.
 
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഖഫാല സമ്പ്രദായം വലിയ   മനുഷ്യാവകാശ ലംഘനമാണ്. തൊഴിലുടമകളും ഇടനിലക്കാരായ ഏജന്‍റ്മാരും പാസ്പോര്‍ട്ടും, വിസയും ഉള്‍പ്പെടെയുള്ള രേഖകള്‍ കൈയ്യടക്കി അടിമകള്‍ക്ക് സമാനമായ രീതിയില്‍ ജോലി ചെയ്യിപ്പിക്കുന്നു. ഇതുമൂലം ജോലിയില്‍ നിന്ന് മാറാനോ, യാത്ര ചെയ്യാനോ, രാജ്യവിട്ട് പോകാനോ കഴിയാതെ തൊഴിലാളികള്‍ തടവറയിലായി മാറുന്നു. വീട്ടുജോലിക്കാരും, മറ്റ് താഴെക്കിടയിലെ ജോലിക്കാരുമാണ് പ്രധാനമായും ഈ വിധത്തില്‍ പീഡിപ്പിക്കപ്പെടുന്നത്. എന്നാല്‍ 90 ലക്ഷം വരുന്ന ഗള്‍ഫ് പ്രവാസികളില്‍ 10% ആയ 9 ലക്ഷത്തോളം പേര്‍ക്ക് വളരെ ഭേദപ്പെട്ട ജീവിത സാഹചര്യമാണുള്ളത്.
 
ലോക കുടിയേറ്റ തൊഴിലാളി വിഷയങ്ങള്‍ സംബന്ധിച്ച് 1949 മുതല്‍ 2017 വരെയായി ഇന്‍റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ILO) ചര്‍ച്ച ചെയ്ത് പരിഹാര നടപടികള്‍ക്കായി 17 ഓളം തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഈ തീരുമാനങ്ങളെല്ലാം അംഗീകരിച്ച ഐ.എല്‍.ഒ അംഗരാജ്യങ്ങള്‍ തന്നെയാണ് ഈ വിധ നിയമലംഘനങ്ങള്‍ നടത്തി വരുന്നത്.
 
കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രധാനമായും തൊഴിലാളികളെ അയയ്ക്കുന്ന രാജ്യം, സ്വീകരിക്കുന്ന രാജ്യം, തൊഴിലാളികള്‍ എന്നീ 3 പ്രധാന കക്ഷികളാണുള്ളത്.
 
ഈ സാഹചര്യത്തില്‍ ഐ.എല്‍.ഒ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കുംവിധം ജോലിക്കുള്ള തിരഞ്ഞെടുക്കല്‍, ജോലി സമയം, നിയമന ഉത്തരവ്, ശമ്പളം, ശമ്പള വിതരണം, സാമൂഹ്യ സംരക്ഷണം, ചൂഷണ വിരുദ്ധത, ആരോഗ്യസംരക്ഷണവും ജീവിതാവസ്ഥകളും, തിരിച്ചുപോകലും പുറത്താക്കലും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തൊഴിലാളികളെ അയയ്ക്കുന്ന രാജ്യവും സ്വീകരിക്കുന്ന രാജ്യവും തമ്മില്‍ കര്‍ശനമായ കരാറുകള്‍ ഒപ്പുവയ്ക്കപ്പെടണം. ഇത് കര്‍ശനമായി ഇരുരാജ്യങ്ങളും നടപ്പാക്കണം ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
 
ഇന്ത്യയ്ക്ക് എല്ലാ രാജ്യങ്ങളിലും വളരെ വിപുലമായ എംബസികള്‍ ഉണ്ട്.  ഈ എംബസികളില്‍ യാതൊരുവിധ അവധികളും കൂടാതെ നിലവിലെ എല്ലാ ആധുനിക വിവര സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്‍ രൂപീകരിക്കണം.  ലഭിക്കുന്ന പരാതികള്‍  ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുന്ന കരാര്‍ പ്രകാരം അടിയന്തിരമായും പരിഹരിച്ച് പരാതിക്കാരെ സഹായിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. 
 
തൊഴിലാളികളെ അയയ്ക്കുന്ന രാജ്യത്തെ ഏജന്‍സികളും സ്വീകരിക്കുന്ന രാജ്യത്തെ ഏജന്‍സികളും അതാത് സര്‍ക്കാര്‍ അധികാരികളില്‍ നിന്ന് ബന്ധപ്പെട്ട രജിസ്ട്രേഷന്‍ സമ്പാദിക്കുകയും തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും കൃത്യമായി എംബസികളില്‍ സമര്‍പ്പിക്കുകയും ചെയ്യപ്പെടണം.
 
വളരെ ശക്തമായ ഒരു ദേശീയ പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുകയും തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കും വിധമുള്ള പദ്ധതികള്‍ തയ്യാറാക്കുകയും പെന്‍ഷന് അര്‍ഹരാകുന്നവര്‍ക്ക് 25000/രൂപ ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ ലഭ്യമാകും വിധമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചന്ദ്രശേഖരന്‍ കരട് ബില്ലിന്മേല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

 

Recommended For You

About the Author: INTUC State Committee