മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി നടത്തുന്ന നവകേരള സദസ്സ് വെറും പ്രഹസനമാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. വയനാട് കല്‍പ്പറ്റയില്‍ നടന്ന ഐ.എന്‍.റ്റി.യു.സി. ജില്ലാ റാലിയോനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍റെയും, ജില്ലാ പ്രസിഡന്‍റ് ശ്രീ. പി.പി. ആലിയുടെയും നേതൃത്വത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത റാലി വയനാട് ജില്ലയിലെ ഐ.എന്‍.റ്റി.യു.സി.യുടെ പ്രതാപവും ശക്തിയും വിളിച്ചറിയിക്കുന്നതായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്തിയപ്പോള്‍ വില്ലേജ് ആഫീസറുടെ ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പരിഹസിച്ചവര്‍ ഇന്ന് കോടികള്‍ മുടക്കി പഞ്ചനക്ഷത്ര സൗകര്യമുള്ള വാഹനത്തില്‍ ജനങ്ങളുടെ പേരില്‍ ഊരുചുറ്റല്‍ നടത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇത് തൊഴിലാളികളെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്നും ശ്രീ. സിദ്ദിഖ് ചൂണ്ടിക്കാട്ടി.

തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് വിഷയത്തിലും, ഭവനപദ്ധതിയിലും, തൊഴിലാളി വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ തുടര്‍ന്ന് വരുന്നതെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളിലും തൊഴിലാളികള്‍ ഇന്ന് ജീവിത ദുരിതത്തിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളാണ് ഇതിന് കാരണം. ഡിസംബര്‍ 29, 30 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന റാലിക്കും, സമ്മേളനത്തിനും ശേഷം ഐ.എന്‍.റ്റി.യു.സി. ശക്തമായ സമരം ആരംഭിക്കുമെന്നും ശ്രീ. ചന്ദ്രശേഖരന്‍ മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്‍റ് പി.പി. ആലി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എന്‍.ഡി. അപ്പച്ചന്‍, പി.കെ. ജയലക്ഷ്മി, റ്റി.എ റെജി, കെ.എല്‍. പൗലോസ്, എന്‍.കെ. വര്‍ഗ്ഗീസ്, ടി.ജെ. ഐസക്ക്, ബി. സുരേഷ്ബാബു, സി. ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, പി.എന്‍. ശിവന്‍, മോഹന്‍ദാസ് കൊട്ടകൊല്ലി, കെ.എം. വര്‍ഗ്ഗീസ്, ശ്രീനിവാസന്‍ തൊവരിമല, നജീബ് കരണി, എ.എം. നിഷാന്ത്, ജിനിതോമസ്സ്, ഗിരീഷ് കല്‍പ്പറ്റ, നജീബ് പിണങ്ങോട്, കെ.യു. മനു, എ.പി. കുര്യാക്കോസ്, ഒ. ഭാസ്കരന്‍, ബേബി തുരുത്തിയില്‍, സി.എ. ഗോപി, ആര്‍. ഉണ്ണികൃഷ്ണന്‍, കെ.കെ. രാജേന്ദ്രന്‍, സി.സി. തങ്കച്ചന്‍, താരിഖ് കടവന്‍, അരുണ്‍ദേവ്, ഹര്‍ഷന്‍ കോണാടന്‍, കെ. അജിത, എന്‍.എസ്സ്. ബിന്ദു, മായാപ്രദീപ്, അയിഷ പള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Post Views:
605