ജോലിസമയം ദിവസം 12 മണിക്കൂറാക്കണമെന്നത് മനുഷ്യാവകാശ ലംഘനം - ഡോ. ശശി തരൂര്‍ എം.പി - INTUC

ജോലിസമയം ദിവസം 12 മണിക്കൂറാക്കണമെന്നത് മനുഷ്യാവകാശ ലംഘനം – ഡോ. ശശി തരൂര്‍ എം.പി

തൊഴിലാളികളുടെ ജോലിസമയം ആഴ്ചയില്‍ 70 മണിക്കൂര്‍ അഥവാ ദിവസം 12 മണിക്കൂറാക്കണമെന്ന് ഒരു വ്യവസായ പ്രമുഖന്‍ ആവശ്യപ്പെട്ടതായി കേട്ടു. ഇത്തരം ആവശ്യങ്ങള്‍ ഇന്‍റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെയും, ഐക്യരാഷ്ട്രസഭയുടെയും തീരുമാനങ്ങള്‍ക്കും, പൊതുതത്വങ്ങള്‍ക്കും ഏതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശ്രീ. ശശിതരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2023 നവംബര്‍ 8 ന് ഐ.എന്‍.റ്റി.യു.സി. പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന കൂട്ടധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്ന തൊഴിലും, കൂലിയും ഉറപ്പാക്കുക, മിനിമം വേതനം കര്‍ശനമായി നടപ്പിലാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശ്ശിഖ അടക്കം വിതരണം ചെയ്യുക, കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ പൊതുമേഖലകളെ സംരക്ഷിക്കുക, ആശ, അങ്കണവാടി, പാലിയേറ്റീവ് കെയര്‍, എന്‍.എച്ച്.എം, സാക്ഷരതാ പ്രേരക്ക്, സ്കൂള്‍-പാചക തൊഴിലാളികള്‍ എന്നിവര്‍ക്ക് മാന്യമായ ശമ്പളം നിശ്ചയിച്ച് സ്ഥിരപ്പെടുത്തുക, പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി, ഖാദി എന്നീ മേഖലകളെ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുക, പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പളപരിഷ്ക്കരണ കരാറുകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

തൊഴിലാളികള്‍ക്ക് മിനിമം കൂലി കൊടുക്കാതിരിക്കുന്നത് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ്. ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതും, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതും ആധുനിക അടിമത്ത രീതിയാണ്. ശ്രീ. ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ലോകത്ത് എല്ലായിടത്തും തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചിട്ടുള്ളത് ശക്തമായ സമരപ്രക്ഷോഭങ്ങളിലൂടെയാണ്. ഇന്‍ഡ്യയിലും കേരളത്തിലും ഐ.എന്‍.റ്റി.യു.സി.ക്കും ഇതേ സമരപാരമ്പര്യമുണ്ട്. ഐ.എന്‍.റ്റി.യു.സി.യുടെ കൈയ്യൊപ്പ് പതിയാത്ത ഒരു തൊഴിലാളി സംരക്ഷണ നിയമവും രാജ്യത്തും സംസ്ഥാനത്തും ഇല്ല. തൊഴിലാളികളുടെയും, ഐ.എന്‍.റ്റി.യു.സി.യുടെയും ശക്തി മനസ്സിലാക്കാനും തിരിച്ചറിയാനും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കഴിയണം. ശ്രീ. ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ഈ ധര്‍ണ്ണാസമരം സൂചന മാത്രമാണെന്നും, തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ ശക്തമായ സമരവും ആയി ഐ.എന്‍.റ്റി.യു.സി. മുന്നോട്ടുപോകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുവാനും ആവശ്യങ്ങള്‍ അംഗീകരിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധര്‍ണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സര്‍വ്വശ്രീ വി.ജെ. ജോസഫ്, പി.ജെ. ജോയി എക്സ്. എം.എല്‍.എ., കെ.പി. തമ്പി കണ്ണാടന്‍, ടി.എ. റജി, ശ്രീമതി കൃഷ്ണവേണി ജി. ശര്‍മ്മ, ട്രഷറര്‍ വി. ഭുവനചന്ദ്രന്‍ നായര്‍ ജില്ലാ പ്രസിഡന്‍റുമാരായ സര്‍വ്വശ്രീ. വി.ആര്‍. പ്രതാപന്‍, ഫിലിപ്പ് ജോസഫ്, കെ.കെ. ഇബ്രാഹിംകുട്ടി, പി.പി. ആലി, കെ. രാജീവ്, ഡോ. ജോസ് ജോര്‍ജ്ജ് പ്ലാത്തോട്ടം, വി.പി. ഫിറോസ്, പി.ഡി. ശ്രീനിവാസന്‍, രാജ മാട്ടുക്കാരന്‍, മനോജ് ചീങ്ങന്നൂര്‍ എന്നിവരും ശ്രീമതി ജെ. സതികുമാരി, ശ്രീ. കാര്‍ത്തിക് ശശി, ശ്രീമതി എസ്.എന്‍. നുസറ, ശ്രീ. ആന്‍റണി ആല്‍ബര്‍ട്ട് എന്നിവരും പ്രസംഗിച്ചു.

 

 

 

 

 

 

 

 

 

 

Recommended For You

About the Author: INTUC State Committee