രാജ്യത്തിന്റെ അഭിമാനവും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും, ഇന്ദിരാഗാന്ധിയുടെയും സ്വപന പദ്ധതിയും ആയ പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊന്നൊടുക്കുകയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഐ.എന്‍.റ്റി.യു.സി. പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നവംബര്‍ 13 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ നടന്ന ڇപൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാവിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളുംڈ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 1956 ലെ വ്യവസായനയത്തെ രാജ്യത്തിന്റെ സാമ്പത്തിക ഭരണഘടനയെന്ന് ലോക സാമ്പത്തിക വിദഗ്ദ്ധര്‍ വിശേഷിപ്പിച്ചിരുന്നു. രാജ്യത്തെ 17 അടിസ്ഥാന വ്യവസായങ്ങള്‍ പൊതുമേഖലയില്‍ മാത്രം പ്രവര്‍ത്തിപ്പിക്കണമെന്ന ഈ വ്യവസായനയത്തിലെ പ്രഖ്യാപനമായിരുന്നു ഇതിന് കാരണം. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതനുസരിച്ച് 10 മഹാരത്ന കമ്പനികളും, 14 നവരത്ന കമ്പനികളും, 78 മിനിരത്ന കമ്പനികളും ഉള്‍പ്പെടെ 292 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവന്നു. ഇതിന് പിന്നാലെ 1969 ല്‍ ഇന്ദിരാഗാന്ധി നടത്തിയ ബാങ്ക് ദേശവല്‍ക്കരണവും, കല്‍ക്കരി ദേശവല്‍ക്കരണവും കൂടിയായപ്പോള്‍ രാജ്യം പൂര്‍ണ്ണമായും സോഷ്യലിസ്റ്റ് പാതയിലേയ്ക്ക് നയിക്കപ്പെട്ടു. രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
ഈ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം 6 ലക്ഷം കോടി രൂപയ്ക്ക് സ്വദേശ വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയും പാര്‍ലമെന്റിനകത്തും പുറത്തും പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അതിനായി നീതി ആയോഗ് എന്ന പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിരിക്കുന്നു.

കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. KSRTC യിലും, വാട്ടര്‍ അതോറിറ്റിയിലും, ഇലക്ട്രിസിറ്റി ബോര്‍ഡിലും നടന്നുവരുന്ന വെട്ടിമുറിക്കലും സ്വകാര്യവല്‍ക്കരണ ഗൂഢാലോചനകളും ഇന്ന് പരസ്യമാണ്.
വിലക്കയറ്റവും, പൂഴ്ത്തിവെയ്പും തടയുവാനായി 1974 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രൂപീകരിച്ച സപ്ലൈകോയുടെ പ്രവര്‍ത്തനം പോലും തകര്‍ത്ത് പൂഴ്ത്തിവെയ്പ്കാര്ക്കും, കരിഞ്ചന്തക്കാര്‍ക്കും കുടപിടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ജ്യോതിഷ്കുമാര്‍ മലയാലപ്പുഴയുടെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി എബ്രഹാം മോഡറേറ്റര്‍ ആയിരുന്നു. CITU ജില്ലാ സെക്രട്ടറി ശ്രീ. പി.ബി. ഹര്‍ഷകുമാര്‍, AITUC ജില്ലാ സെക്രട്ടറി ഡി. സജി, BMS ജില്ലാ സെക്രട്ടറി എ.കെ. ഗിരീഷ്, UTUC സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. തോമസ്സ് ജോസഫ്, ശ്രീ. കെ. ശിവദാസന്‍ നായര്‍ Ex. MLA എന്നിവര്‍ പങ്കെടുത്തു.
