INTUC പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
2022 മെയ് 2, 3 തീയതികളിലായി തിരുവന്തപുരത്ത് നടക്കുന്ന ഐ.എന്‍.റ്റി.യു.സി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് ശ്രീ. ആര്. ചന്ദ്രശേഖരന് പ്രകാശനം ചെയ്തു.

സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുഖ്യ പ്രഭാഷണത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജെ.ബി. കൃപലാനി 1947 മെയ് 3 ന് ഉത്ഘാടനം ചെയ്ത് സ്ഥാപിക്കപ്പെട്ട ഐ.എന്‍.റ്റി.യു.സി. 3 കോടി 58 ലക്ഷം അംഗസംഖ്യയുള്ള ലോകത്തെ ഏറ്റവും വലിയ ദേശീയ ജനാധിപത്യ ട്രേഡ് യൂണിയന് പ്രസ്ഥാനമാണ്. അതിന്റെ പ്രവര്‍ത്തന ചരിത്രമാണ് 75 വര്‍ഷം പിന്നിട്ട് ഇന്ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദയും, മുന്‍ രാഷ്ട്രപതി വി.വി. ഗിരിയും ദേശീയതലത്തില്‍ നയിച്ച പ്രസ്ഥാനം. മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ. കരുണാകരനും, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും ആയിരുന്ന സി.എം. സ്റ്റീഫന്‍ കേരളത്തില്‍ നയിച്ച പ്രസ്ഥാനം. ഈ ഐ.എന്‍.റ്റി.യു.സി. അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം മെയ് 3 ന് കേരള തലസ്ഥാന നഗരിയില്‍ നടത്തപ്പെടുന്നു. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി എം.പി. ഉത്ഘാടനം ചെയ്യും.
