LIC വില്‍ക്കുന്നത് അധാര്‍മ്മികം - INTUC

LIC വില്‍ക്കുന്നത് അധാര്‍മ്മികം

38 ലക്ഷം കോടിയുടെ ആസ്തിയും, 114000 ജീവനക്കാരും, 12 ലക്ഷം ഏജന്റ്മാരും, 29 കോടി പോളിസി ഉടമകളുമായി രാജ്യത്തിന്റെ സാമ്പത്തികശക്തി കേന്ദ്രമായ LIC യെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അധാര്‍മ്മികവും ജനവിരുദ്ധവും ആണെന്ന് ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റും, സംസ്ഥാന പ്രസിഡന്റും ആയ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

നിലവിലുണ്ടായിരുന്ന 170 ഓളം സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കൊള്ളയടിയും, ചൂഷണവും അസഹനീയമായതുകൊണ്ടാണ് ഈ 170 സ്ഥാപനങ്ങളെയും ദേശവല്‍ക്കരിച്ച് 1956 സെപ്റ്റംബര്‍ 1 ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു LIC സ്ഥാപിച്ചത്. കേവലം 5 കോടി രൂപയുടെ നിക്ഷേപം നടത്തിക്കൊണ്ട് ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ഓരോ വര്‍ഷവും 6 ലക്ഷം കോടിയുടെ വരവും 2700 കോടിയുടെ ലാഭവും നേടിതരുന്നു. ലാഭത്തിന്റെ 5% മാത്രം സര്‍ക്കാരിലേക്ക് ഈടാക്കുകയും ബാക്കി 95% ഉം പോളിസി ഉടമകള്‍ക്ക് ബോണസ്സായി നല്‍കുന്നു.
രാജ്യത്തെ കുടിവെള്ളം, ജലസേചനം, റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി, വന്‍കിട വ്യവസായങ്ങള്‍ എന്നീ രംഗങ്ങളിലെ വികസനം പ്രധാനമായി LIC യിലൂടെയാണ് സാധിതമായതെന്ന വസ്തുത നമുക്ക് മുന്നിലുണ്ട്.
1991 ലെ ആഗോള സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്ക് പിന്നാലെ നൂറുകണക്കിന് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങി. അവയില്‍ ഭൂരിപക്ഷവും ജനങ്ങളെ കൊള്ളയടിച്ച് അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. ഈ വഴിയിലേക്ക് LIC യെയും തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 65 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന്റെ ഒരു രൂപയുടെ മുതല്‍പോലും വില്‍ക്കാതെ ഇന്‍ഷ്വറന്‍സ് രംഗത്തെ മാതൃകാസ്ഥാപനമായി LIC യെ നിലനിര്‍ത്തണം. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

സമ്പന്നന്മാരുടെ നിക്ഷേപമല്ല LIC യിലുള്ളത്. മറിച്ച് സാധാരണക്കാരുടെയും, പ്രവാസികളുടെയും ചെറു സമ്പാദ്യങ്ങളാണ് LIC യുടെ ശക്തി. ഈ സമ്പാദ്യമാണ് കോര്‍പ്പറേറ്റുകളുടെ കരങ്ങളിലേക്ക് കൈമാറ്റപ്പെടുന്നത്. ഇത് ആപത്കരമാണ്. ഇതിനെതിരെ തൊഴിലാളികളോടൊപ്പം പൊതുസമൂഹമാകെ പ്രതിഷേധം ഉയര്‍ത്തണമെന്ന് ചന്ദ്രശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

Recommended For You

About the Author: INTUC State Committee